പശ്ചിമ ബംഗാളിലെ രണ്ട് സീറ്റുകളിൽ നടന്ന ഉപതെരഞ്ഞടുപ്പിൽ ബിജെപിക്ക് വിജയം. നന്ദിഗ്രാം, രജിനഗർ സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. നന്ദിഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ആണ് ബിജെപിയുടെ വിജയം.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നന്ദിഗ്രാം നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ബിജെപിക്കായി മത്സരിച്ച ഹസീറാണി രഥ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. 1,64,427 വോട്ടുകൾ നേടിയാണ് ഹസീറാണി രഥിൻ്റെ വിജയം. മിലൻ പ്രധാന് 41,674 വോട്ടുകൾ ലഭിച്ചപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ സിപിഐ സ്ഥാനാർത്ഥി സന്തി ഗോപാൽ ഗിരി 5,779 വോട്ടുകളിൽ ഒതുങ്ങി.
ഈ വർഷം നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിക്കുകയും നന്ദിഗ്രാം സീറ്റിൽ നിന്ന് രാജിവെക്കുകയും ചെയ്തതോടെ ആണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സുവേന്ദു അധികാരിയുടെ അടുത്ത സഹായി ആയിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിൻ്റെ മാതാവാണ് ഹസീറാണി രഥ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, മെയ് ആറിനാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
രജിനഗറിലും ബിജെപിക്ക് വിജയം
നന്ദിഗ്രാമിന് പുറമേ ഉപതെരഞ്ഞെടുപ്പ് നടന്ന രജിനഗർ നിയമസഭാ മണ്ഡലത്തിലും ബിജെപി വിജയിച്ചു. 70 ശതമാനത്തോളം മുസ്ലീം വിഭാഗ വോട്ടർമാർ ഉള്ള രജിനഗറിൽ ബിജെപിക്കായി മത്സരിച്ച ശങ്കറവ്വ് സർക്കാർ ആണ് 75,816 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തത്. ശങ്കറവ്വ് സർക്കാർ 129914 വോട്ടുകൾ നേടിയപ്പോൾ ആം ജനത ഉന്നയൻ പാർട്ടിയുടെ ഗുലാം നബി ആസാദിന് 54098 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുള്ളാഹിൽ കാഫി 6168 വോട്ടുകളിൽ ഒതുങ്ങി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി മത്സരിച്ച റബിബുൾ അലാം ചൗധരി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ആം ജനത ഉന്നയൻ പാർട്ടി തലവൻ ഹുമയൂൺ കബീർ ഈ സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
നന്ദിഗ്രാമിൽ സ്ഥാനാർത്ഥിയില്ലാതെ മമത
നന്ദിഗ്രാമിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പിന്മാറിയത് മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമായിരുന്നു. ഇതോടെ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചു. നാമനിർദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ 2007ലെ നന്ദിഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മിലൻ പ്രധാനെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി രാഷ്ട്രീയപ്പോര് രൂക്ഷമായിരുന്നു. കൊൽക്കത്ത ഹൈക്കോടതി മിലൻ പ്രധാന് ജാമ്യം അനുവദിച്ചതോടെ ആണ് മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാൻ കഴിഞ്ഞത്. അതേസമയം പശ്ചിമ ബംഗാളിൽ ചരിത്രത്തിലാദ്യമായി ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മേൽക്കൈ നേടാനായത് നേട്ടമായി. മമതാ ബാനർജിയിൽ നിന്ന് തെറ്റി പുതിയ പാർട്ടി രൂപീകരിച്ച ഋതബ്രത ബാനർജി പക്ഷത്തിന് കാര്യമായ നേട്ടം രണ്ട് മണ്ഡലങ്ങളിലും ഉണ്ടാക്കാനായില്ല.
അസമിൽ കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി
അസമിൽ ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസിൻ്റെ സിറ്റിംഗ് ലോക്സഭാ സീറ്റായ നഗാവ് ബിജെപി പിടിച്ചെടുത്തു. 2024ൽ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ച സീറ്റിലാണ് ബിജെപിയുടെ വിജയം. കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയ് രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബിജെപിയുടെ ദേബാശിഷ് ശർമ്മ 1,80,000ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ ജയിച്ചത്. എഐയുഡിഎഫിന്റെ ബദറുദ്ദീൻ അജ്മൽ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ ഇവിടെ വിജയിച്ച കോൺഗ്രസിന്റെ സിമോണി ബോറ വലിയ വ്യത്യാസത്തിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. അസമിലെ ഈ സീറ്റ് പിടിക്കുന്നതോടെ ലോക്സഭയിലെ ബിജെപി അംഗസംഖ്യ 241 ആയി ഉയരും.


