തമിഴ്നാട്ടിൽ നാല് നാൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. കോൺഗ്രസ്, ഇടത് പാർട്ടികൾ, വിസികെ എന്നിവരുടെ പിന്തുണയോടെ വിജയുടെ ടിവികെ പാർട്ടി കേവല ഭൂരിപക്ഷമായ 118 സീറ്റുകൾ ഉറപ്പിച്ചു. ഇതോടെ ജനനായകനായി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്നും ഉടൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാൻ തീരുമാനിച്ചു

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ 'കൈ' പിടിച്ചെത്തിയ കോൺഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്. കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി എമ്മും സി പി ഐയും പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ ബി ജെ പി, ഗവർണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാർട്ടികൾ പിന്തുണ കത്ത് കൈമാറിയത്. വിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും. അതേസമയം വി സി കെ മന്ത്രിസഭയുടെ ഭാഗമാകും. വി സി കെ നേതാവ് തിരുമാവളവൻ മന്ത്രി യാകുമെന്ന് ഉറപ്പായിട്ടുണ്ട്. 118 എം എൽ എമാരുടെ പിന്തുണ കത്ത് കിട്ടിയതോടെ വിജയ് ഉടൻ തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നന്ദി അറിയിക്കാനായി സി പി എം, സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസുകളിൽ എത്തുമെന്നും വിജയ് അറിയിച്ചിട്ടുണ്ട്.

'വിജയ് സർക്കാരുണ്ടാക്കട്ടെ'

അടുത്ത മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നിങ്ങനെ കഴിഞ്ഞ നാല് ദിവസമായി തമിഴകം തേടിയ ചോദ്യങ്ങൾക്കെല്ലാമാണ് ഇതോടെ ഉത്തരമായിരിക്കുന്നത്. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയതോടെയാണ് ഇടത് പാർട്ടികൾ അപകടം മണത്തത്. ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എൽ എമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിച്ചത്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സർക്കാരിനുള്ള ചർച്ചകളും സജീവമായിരുന്നു. ഇതിന് പിന്നിൽ ബി ജെ പിയാണെന്ന കടന്നാക്രമണവുമായി കോൺഗ്രസ് രംഗത്തെത്തിയത് തമിഴകത്ത് നിർണായക വഴിത്തിരിവായി. സ്റ്റാലിന് ബി ജെ പി ബന്ധമെന്നതടക്കമുള്ള കോൺഗ്രസ് ആരോപണം ഡി എം കെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി. ഇതോടെ സഖ്യ നീക്കത്തിൽ നിന്ന് ഡി എം കെ പൂർണ അർത്ഥത്തിൽ പിന്മാറി. വിജയ് അധികാരത്തിൽ വരാതെ രാഷ്ട്രപതി ഭരണമോ, മറ്റ് അട്ടിമറികളോ ഉണ്ടായാൽ ജനവികാരം എതിരാകുമെന്ന് എം കെ സ്റ്റാലിൻ ആദ്യം മുതലേ നിലപാടെടുത്തിരുന്നു. ഈ നിലപാടിന് ഡി എം കെയിൽ പൂർണ പിന്തുണ കിട്ടിയതോടെ സംഖ്യ കക്ഷികളുടെ കാര്യത്തിൽ സ്റ്റാലിൻ കടുംപിടുത്തം ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് സി പി എമ്മും സി പി ഐയും ഗവർണർ കളി ഒഴിവാക്കാനായി ടി വി കെയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതെന്നാണ് വ്യക്തമാകുന്നത്. സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ ഇക്കാര്യം ചൂണ്ടികാട്ടുകയും ചെയ്തു. 'വിജയ് സർക്കാരുണ്ടാക്കട്ടെ' എന്നല്ലേ സ്റ്റാലിൻ പറഞ്ഞതെന്നാണ് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖവും സി പി ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യനും ചോദിച്ചത്. അങ്ങനെ തമിഴകത്ത് വിസിലടിച്ചുള്ള വിജയ് യുഗത്തിന് ചെങ്കൊടി ഉയരുകയും ചെയ്തു.