ലഖ്നൗവിലെ 'മോഡൽ ചായ് വാലി' എന്നറിയപ്പെടുന്ന സിമ്രാൻ ഗുപ്തയെ പോലീസ് കയ്യേറ്റം ചെയ്തതായി ആരോപണം. രാത്രി വൈകി കട തുറന്നിരുന്നതിനെ തുടർന്നാണ് സംഭവം.
ലഖ്നൗ: 'മോഡൽ ചായ് വാലി' എന്നറിയപ്പെടുന്ന യുവതിയോട് ചായക്കടയുടെ പുറത്ത് വെച്ച് പൊലീസ് അതിക്രമം കാണിക്കുന്നതിന്‍റെ വീഡിയോ പുറത്ത്. രാത്രി വൈകി 'മോഡൽ ചായ് വാലി'യുടെ കടയിൽ പൊലീസ് എത്തുകയും, അവരെ കയ്യേറ്റം ചെയ്യുകയും വസ്ത്രത്തിൽ പിടിച്ചു വലിക്കുകയും ചെയ്തു. ഈ സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ ഒരു വനിതാ പോലീസുകാരി അവരെ കയ്യേറ്റം ചെയ്യുന്നതും വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നതും കാണാം. ഞായറാഴ്ച അർദ്ധരാത്രിയാണ് ഈ സംഭവം നടന്നത്.
'മോഡൽ ചായ് വാലി' എന്നറിയപ്പെടുന്ന സിമ്രാൻ ഗുപ്തയാണ് അതിക്രമത്തിനിരയായത്. മുന്നറിയിപ്പ് നൽകിയിട്ടും സിമ്രാൻ രാത്രി 12 മണിക്ക് ശേഷവും കട തുറന്നിരുന്നു. ഇതോടെ പൊലീസ് അവരുടെ കടയിലെത്തുകയും രാത്രി വൈകിയും കട തുറന്നിട്ടതിന് അവരെ ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് വാക്കുതർക്കം ഒരു കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ദൂരെ ഒരു കാറിൽ ഇരുന്ന വ്യക്തിയാണ് ഈ സംഭവം മുഴുവൻ ചിത്രീകരിച്ചത്.
ലക്‌നൗവിലെ 'മോഡൽ ചായ് വാലി'യുടെ യഥാർത്ഥ പേര് സിമ്രാൻ ഗുപ്ത എന്നാണ്. 2018-ൽ മിസ് ഗോരഖ്പൂർ പട്ടം സിമ്രാൻ നേടിയിട്ടുണ്ട്. സിമ്രാന്‍റെ പിതാവ് രാജേന്ദ്ര ഗുപ്ത ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. പിതാവിന്‍റെ അസുഖം കാരണം കടക്കെണിയിലായ കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനായി സിമ്രാൻ മോഡലിംഗ് ആരംഭിച്ചുവെങ്കിലും, കൊവിഡ് 19 കാലത്ത് തൊഴിൽ നഷ്ടപ്പെട്ടു.
പിന്നീട് സിമ്രാൻ ഒരു കരാർ ജോലി ചെയ്തുവെങ്കിലും അവിടെയും ശമ്പളം ലഭിച്ചില്ല. അങ്ങനെ "ഗ്രാജ്വേറ്റ് ചായ് വാലിയിൽ" നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സിമ്രാൻ ആദ്യം ഗോരഖ്പൂർ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിന് മുന്നിൽ ഒരു ചായക്കട സ്ഥാപിക്കുകയും താമസിയാതെ ജനപ്രീതി നേടുകയുമായിരുന്നു.


