ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് 68കാരിയെ പൊലീസ് കാറിൽ നിന്ന് പുറത്തെടുത്തത്.

ന്യൂയോർക്ക്: ദേശീയ പാതയിൽ തീ പിടിച്ച് മലക്കം മറിഞ്ഞ് അപകടത്തിൽപ്പെട്ട കാറിൽ നിന്നും 68കാരിക്ക് അത്ഭുത രക്ഷ. ന്യൂയോ‍ക്കിലെ കിംഗ്സ് ദേശീയപാതയിലുണ്ടായ അപകടത്തിൽ തീ പിടിച്ച കാറിനുള്ളിൽ കുടുങ്ങിയ 68കാരിയെ അതീവ സാഹസികമായാണ് ചെസ്റ്റ‍ർ പൊലീസ് സംഘം രക്ഷിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് 68കാരിയെ പൊലീസ് കാറിൽ നിന്ന് പുറത്തെടുത്തത്.

ഇവരെ കാറിൽ നിന്ന് പുറത്ത് എത്തിച്ചതിന് പിന്നാലെ തന്നെ കാർ പൂർണമായി കത്തിയമർന്നു. ഞായറാഴ്ച നടന്ന അതിസാഹസിക രക്ഷാ പ്രവർത്തനത്തിന്റെ വീഡിയോ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്നാപ്സ് വ്യൂ പാർക്കിന് സമീപത്തായാണ് അപകടമുണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് 68കാരിയുടെ കാർ അപകടത്തിൽപ്പെട്ടത്. പിന്നാലെ തന്നെ മലക്കം മറിഞ്ഞ കാറിൽ തീ പടരുകയായിരുന്നു. പൊലീസ് എത്തുമ്പോഴാണ് കാറിൽ വാഹനമോടിച്ചിരുന്നയാൾ കുടുങ്ങിയിട്ടുള്ളതായി വ്യക്തമായത്. ഇതിന് പിന്നാലെ സൺറൂഫിന്റെ ഭാഗത്തെ ചില്ലുകൾ തീ പടരുന്നത് കണക്കിലെടുക്കാതെ തകർത്താണ് പൊലീസ് രക്ഷാപ്രവ‍ർത്തനം നടത്തിയത്.

പരിക്കേറ്റ 68കാരിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. വെസ്റ്റ്ചെസ്റ്റർ മെഡിക്കൽ സെന്ററിലെ പൊള്ളൽ വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും ശരീരത്തിന്റെ നാലിൽ മൂന്ന് ഭാഗത്തും പൊള്ളലേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃത‍ർ വിശദമാക്കുന്നത്. സംഭവ സ്ഥലത്ത് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലാണ് 68കാരിയുടെ ജീവൻ രക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം