കുടിയേറ്റ വിദ്യാർത്ഥികളെ ഒഴിവാക്കുന്നത് അമേരിക്കയിലെ സർവ്വകലാശാലകളെ സാമ്പത്തികമായി തകർക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്
വാഷിംഗ്ടൺ: കുടിയേറ്റ വിദ്യാർത്ഥി വിഷയത്തിൽ നിലപാട് മാറ്റി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ രാജ്യത്തിന് നല്ല ബിസിനസാണ് നൽകുന്നതെന്നാണ് ട്രംപ് പ്രതികരിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കുടിയേറ്റ വിദ്യാർത്ഥി വിഷയത്തിൽ ട്രംപ് നിലപാട് മാറ്റിയത്. കുടിയേറ്റ വിദ്യാർത്ഥികളെ ഒഴിവാക്കുന്നത് അമേരിക്കയിലെ സർവ്വകലാശാലകളെ സാമ്പത്തികമായി തകർക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. ലോകവുമായി ഒത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് ഫോക്സ് ന്യൂസ് അവതാരക ലോറ ഇന്‍ഗ്രാമിനോട് പ്രതികരിച്ചത്.
മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന സ്വന്തം അജണ്ടയ്ക്ക് വിരുദ്ധമായാണ് ട്രംപ് സംസാരിച്ചത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറയുന്നത് അമേരിക്കയിലെ പകുതിയോളം കോളജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് ട്രംപ് പറഞ്ഞു. ആഗോളതലത്തിൽ നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം വിദ്യാര്‍ത്ഥികളെ ഒഴിവാക്കി അമേരിക്കയിലെ മുഴുവന്‍ സര്‍വ്വകലാശാല-കോളജ് സംവിധാനത്തെയും നശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും. തനിക്കും അതിന് താൽപര്യമില്ലെന്നുമാണ് ട്രംപ് വിശദമാക്കിയത്.
വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോടിക്കണക്കിന് ഡോളറാണ് അമേരിക്കയ്ക്ക് ലഭിക്കുന്നത്. മിക്ക വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ ഇരട്ടിയിലധികം പണം നല്‍കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിവൃദ്ധി പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നു. എനിക്കവരെ വേണം എന്നതുകൊണ്ടല്ല, മറിച്ച് ഞാനിതിനെ ഒരു ബിസിനസായാണ് കാണുന്നതെന്നാണ് ട്രംപ് വിശദമാക്കിയത്.


