ഓസ്ട്രേലിയയിലെ തെക്കൻ തീരമാണ് സ്രാവുകളും നീരാളികളും അടക്കമുള്ള ജീവികൾക്ക് മരണക്കെണിയായി മാറിയിരിക്കുന്നത്. മാർച്ച് മാസം മുതലാണ് മേഖലയിൽ അസാധാരണമായ നിലയിൽ ആൽഗകളുടെ സാന്നിധ്യം കണ്ട് തുടങ്ങിയത്

സിഡ്നി: പതിവിൽ നിന്ന് വ്യത്യസ്തമായി വലിയ രീതിയിൽ കടലിൽ വിഷമുള്ള പ്ലവകങ്ങൾ നിറഞ്ഞതിന് പിന്നാലെ ചത്തൊടുങ്ങിയത് 200ലേറെ കടൽ ജീവികൾ. ഓസ്ട്രേലിയയിലെ തെക്കൻ തീരമാണ് സ്രാവുകളും നീരാളികളും അടക്കമുള്ള ജീവികൾക്ക് മരണക്കെണിയായി മാറിയിരിക്കുന്നത്. മാർച്ച് മാസം മുതലാണ് മേഖലയിൽ അസാധാരണമായ നിലയിൽ ആൽഗകളുടെ സാന്നിധ്യം കണ്ട് തുടങ്ങിയത്. വിഷമുള്ള ഈ ആൽഗകൾ നിറഞ്ഞതോടെ കടലിന് അടിത്തട്ടിലുള്ള ജീവികളാണ് ചത്തവയിൽ ഏറെും. മുള്ളുകളോട് കൂടിയവയും വിശാലമായ ചിറകുകളോടും കൂടിയ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയതിൽ 47 ശതമാനം. ഇതിൽ  തന്നെ 26 ശതമാനം മത്സ്യങ്ങൾ സ്രാവുകളാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

കൂന്തൽ, കണവ, നീരാളി ഇനങ്ങളിലുള്ള ജീവികളുടെ 7 ശതമാനമാണ് വിഷ പ്ലവകങ്ങൾ വലിയ രീതിയിൽ കണ്ടതിന് പിന്നാലെ ചത്തൊടുങ്ങിയത്. ഞണ്ടുകൾ, കൊഞ്ചുകൾ, ചെമ്മീനുകൾ എന്നീ വിഭാഗത്തിൽ 6 ശതമാനം ജീവികളും ചത്തതായാണ് ഓസ്ഫിഷ് എന്ന സംഘടന പുറത്ത് വിടുന്ന കണക്ക്. ഇവയിൽ ഏറിയ പങ്കും ജീവികൾ തീരത്തേക്ക് അടിയുന്നതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  കരേനിയ മിക്കിമോട്ടോയ് എന്ന വിഷ പ്ലവകമാണ് നിലവിലെ അവസ്ഥയ്ക്ക് പിന്നിലെന്നാണ് സമുദ്ര ഗവേഷകർ വിശദമാക്കുന്നത്. ഇവർ സമുദ്രോപരിതലത്തിൽ ഒരു പാട പോലെയാണ് കാണപ്പെടുന്നത്. കടലിന് അടിത്തട്ടിലേക്ക് പ്രകാശം അടക്കമുള്ളവ എത്താതിരിക്കാൻ ഇവ കാരണമാകുന്നതാണ് മറ്റ് കടൽ ജീവികൾക്ക് മരണക്കെണി സൃഷ്ടിക്കുന്നത്. കടൽ ജീവികളുടെ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഈ ആൽഗകൾ സൃഷ്ടിക്കുന്നത്. 

മത്സ്യങ്ങളുടെ നാഡീവ്യവസ്ഥയും തലച്ചോറും തകരാറിലായാണ് ജീവികൾ ചത്തൊടുങ്ങുന്നത്. നിലവിൽ കടലിലെ ഉഷ്ണതരംഗമാണ് ആൽഗകളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്നതെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.സാധാരണയിലേതിനേക്കാൾ 2.5 ഡിഗ്രി സെൽഷ്യസ് വരെ കടൽ ജലത്തിന് ഊഷ്മാവ് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റ് തീരെ കുറയുന്നതും വലിയ രീതിയിൽ ആൽഗകളുടെ വളർച്ച വർധിപ്പിക്കുന്നുണ്ട്. കടൽ ജീവികളുടെ ജീവന് ആപത്താണെങ്കിലും ഈ ആൽഗകൾ മനുഷ്യ ജീവന് ആപത്ത് സൃഷ്ടിക്കുന്നില്ല. എന്നാൽ ത്വക്കിൽ വലിയ രീതിയിൽ ചൊറിച്ചിലും ശ്വാസ കോശ സംബന്ധമായ തകരാറുകളും ഇവ സൃഷ്ടിക്കുന്നുണ്ട്. 

മാർച്ച് ആദ്യ വാരത്തിലാണ് അസാധാരണ നിലയിലെ പ്ലവകങ്ങളുടെ വളർച്ച തെക്കൻ ഓസ്ട്രേലിയയിലെ ഫ്ലൂറിയൂ പെനിൻസുലയിൽ ശ്രദ്ധയിൽപ്പെടുന്നത്. വളരെ പെട്ടന്ന് തന്നെ മറ്റ് മേഖലകളിലേക്കും ഇത് പടരുകയായിരുന്നു. പ്രജനന കാലം അടുത്തവ മുതൽ ചെറുമീനുകൾ അടക്കമുള്ളവയാണ് ഈ അസാധാരണ പ്രതിഭാസത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഇത് മത്സ്യബന്ധനം ഉപജീവനമാക്കിയവരേ സാരമായി ബാധിക്കുമെന്നും ഗവേഷകർ വിശദമാക്കുന്നത്.  നിലവിൽ വിളവെടുപ്പ് കാലമടുത്ത കക്ക കൃഷിയ്ക്കും പ്ലവകങ്ങളുടെ അസാധാരണ വളർച്ച തടസമായിട്ടുണ്ട്. 

മത്സ്യങ്ങളുടെ ചെകിളകളെ ബാധിക്കുന്ന റിയാക്ടീവ് ഓക്സിജനാണ് കരേനിയ മിക്കിമോട്ടോയ് പുറത്ത് വിടുന്നത്. ഇതോടെ മത്സ്യങ്ങൾക്ക് ശ്വസന തകരാർ നേരിടും. 150 കിലോമീറ്ററിലധികമാണ് വിഷ ആൽഗകൾ നിലവിൽ പടർന്നിട്ടുള്ളത്. ഇത് ഓസ്ട്രേലിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആൽഗകളുടെ വളർച്ചയായാണ് വിലയിരുത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം