സാൻഫ്രാൻസിസ്കോയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഒരു വലിയ വെളുത്ത എയർഷിപ്പ് സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി. പിന്നീട് ഇത് ഗൂഗിൾ സഹസ്ഥാപകനായ സെർഗി ബ്രിൻ്റെ നേതൃത്വത്തിലുള്ള എൽടിഎ റിസർച്ചിൻ്റെ 'പാത്ത്ഫൈൻഡർ 1' എന്ന സീറോ-എമിഷൻ എയർഷിപ്പ് ആണെന്ന് തിരിച്ചറിഞ്ഞു
സാൻഫ്രാൻസിസ്കോ: യു എസ് എയിലെ സാൻഫ്രാൻസിസ്കോയുടെ ആകാശത്തിന് മുകളിൽ നിശ്ശബ്ദമായി പരന്നു നീങ്ങുന്ന ഒരു വലിയ വൈറ്റ് എയർഷിപ്പ് ജനങ്ങളിൽ കൗതുകമുണർത്തി. ഈ അപൂർവ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. വീഡിയോ കണ്ടവരെല്ലാം സാൻഫ്രാൻസിസ്കോയുടെ മുകളിലൂടെ പറന്നതെന്താണ് എന്ന ചോദ്യമാണ് പങ്കുവച്ചത്. ഡ്രോൺ ആണോ എന്ന് തുടങ്ങിയ ചോദ്യങ്ങൾ സിനിമാ പ്രോപ്പുകളോ സർക്കാർ പദ്ധതികളോ എന്ന നിരവധി ഊഹാപോഹങ്ങൾക്ക് വഴിവച്ചു. ക്രിയേറ്റർ സെസർ കോൺസെപ്ഷ്യൻ സാൽസ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വലിയ സംശയങ്ങൾക്ക് ഇടയാക്കിയത്. സാൻഫ്രാൻസിസ്കോയിലെ ഉയരമുള്ള കെട്ടിടത്തിനു പിന്നിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന എയർഷിപ്പ് സൗമ്യമായി പറന്നു പോകുന്നതായിരുന്നു ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. 'ഇന്ന് സാൻഫ്രാൻസിസ്കോയുടെ ആകാശത്ത് കണ്ട് ഇത് എന്താണ്' ? എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവച്ചത്.
വീഡിയോ കാണാം
എൽ ടി എയുടെ ' പാത്ത് ഫൈൻഡർ 1 '
അതിവേഗം വൈറലായി വീഡിയോക്ക് നിരവധി കമന്‍റുകളാണ് ലഭിച്ചത്. ഇൻസ്റ്റഗ്രാമിലും എക്സിലും റെഡിറ്റിലും ആയിരക്കണക്കിന് പേരാണ് വീഡിയോ പങ്കുവച്ചത്. എല്ലാവർക്കും അറിയേണ്ടത് എന്തായിരുന്നു ആ പറന്നത് എന്നതായിരുന്നു. ഒടുവിൽ സംശയങ്ങൾക്കുള്ള ഉത്തരവും കിട്ടി. ലൈറ്റർ ദാൻ എയര്‍ ( എൽ ടി എ ) റിസർച്ച് സംഘം വികസിപ്പിച്ച ' പാത്ത് ഫൈൻഡർ 1 ' എന്ന സീറോ - എമിഷൻ എയർഷിപ്പായിരുന്നു അതെന്നാണ് എൻ ബി സി റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ സഹസ്ഥാപകനായ സെർഗി ബ്രിൻ അടക്കമുള്ളവർ നേതൃത്വം നൽകുന്ന ഈ പദ്ധതി, കാർഗോ ട്രാൻസ്പോർട്ടും മാനുഷിക സഹായവും പരിസ്ഥിതി സൗഹൃദമായി പരിഷ്കരിക്കാനുള്ള ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.
പരീക്ഷണ പറക്കൽ
124 മീറ്റർ നീളമുള്ള ഈ എയർഷിപ്പ് ഹീലിയം ഉപയോഗിച്ചുള്ള ലിഫ്റ്റും 12 ഇലക്ട്രിക് മോട്ടോറുകളും അടങ്ങിയതാണ്. ടൈറ്റാനിയം ഹബ്ബുകൾ, കാർബൺ ഫൈബർ ട്യൂബുകൾ, പോളിമർ ഷെല്ലുകൾ എന്നിവയുള്ള പ്രത്യേക ഡിസൈനാണ് എൽ ടി എയുടെ ' പാത്ത് ഫൈൻഡർ 1 ' നുള്ളത്. 2025 മെയ് മാസത്തിൽ കലിഫോർണിയയിലെ മോഫെറ്റ് ഫെഡറൽ എയർഫീൽഡിൽ ഈ എയർഷിപ്പിന്‍റെ ആദ്യ പരീക്ഷണ പറക്കൽ നടന്നിരുന്നു. സാൻഫ്രാൻസിസ്കോയിലെ പറക്കൽ ഫ്ലൈറ്റ് സ്റ്റെബിലിറ്റി, ഉയര നിയന്ത്രണം, നാവിഗേഷൻ എന്നിവയുടെ ടെസ്റ്റിങ്ങിന്റെ ഭാഗമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


