കപ്പലിലെ അഗ്നി നിയന്ത്രണ സംവിധാനം പ്രയോഗിച്ച് തീ നിയന്ത്രണത്തിലാക്കാനുള്ള എല്ലാ പരിശ്രമങ്ങളും പാളിയതിന് പിന്നാലെയാണ് കപ്പൽ ഉപേക്ഷിച്ചത്
മെക്സിക്കോ സിറ്റി: മെക്സിക്കോയിലേക്ക് കാറുകളുമായി എത്തിയ കാർഗോ കപ്പലിൽ തീ പടർന്നു. നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. 3000 കാറുകളുമായി കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ. 22 ജീവനക്കാർക്ക് അത്ഭുത രക്ഷ. കത്തിനശിച്ചതിൽ 800 കാറുകൾ ഇലക്ട്രിക് വാഹനങ്ങളാണ്. അലാസ്കയുടെ സമുദ്രാതിർത്തിയിൽ അല്യൂഷ്യൻ ദ്വീപുകൾക്ക് സമീപത്തായാണ് തീ പടർന്ന് നശിച്ച കപ്പൽ ജീവനക്കാർ ഉപേക്ഷിച്ചത്.
ചൊവ്വാഴ്ചയാണ് പുകമൂടിയ നിലയിലുള്ള കപ്പലിന്റെ ദൃശ്യങ്ങൾ യുഎസ് കോസ്റ്റ് ഗാർഡ് പുറത്ത് വിട്ടത്. പിന്നാലെ ലണ്ടൻ അടിസ്ഥാനമായ കപ്പൽ ഉടമയായ സോഡിയാക് മാരിടൈം എന്ന കമ്പനിയുടെ പ്രസ്താവനയും പുറത്ത് വന്നത്. മോർണിംഗ് മിദാസ് എന്ന കപ്പലിലെ 22 ജീവനക്കാരും സുരക്ഷിതരാണെന്നും സോഡിയാക് മാരിടൈം വിശദമാക്കി. ലൈംഫ് ബോട്ടിൽ ജീവനുമായി രക്ഷപ്പെട്ട 22 ജീവനക്കാരെ പസഫിക് സമുദ്രത്തിന്റെ വടക്കൻ മേഖലയിലുണ്ടായിരുന്ന കോസ്കോ ഹെല്ലാസ് എന്ന ചരക്ക് കപ്പലാണ് രക്ഷപ്പെടുത്തിയത് അഡക് ദ്വീപുകൾക്ക് സമീപത്ത് വച്ചാണ് ജീവനക്കാരെ രക്ഷിച്ചത്.
കപ്പലിലെ അഗ്നി നിയന്ത്രണ സംവിധാനം പ്രയോഗിച്ച് തീ നിയന്ത്രണത്തിലാക്കാനുള്ള എല്ലാ പരിശ്രമങ്ങളും പാളിയതിന് പിന്നാലെയാണ് കപ്പൽ ഉപേക്ഷിച്ചതെന്നാണ് സോഡിയാക് മാരിടൈം വിശദമാക്കുന്നത്. അഗ്നിനിയന്ത്രണത്തിൽ വരുത്താനുള്ള ശ്രമങ്ങൾ മറ്റ് രീതിയിൽ തുടരുമെന്നും സോഡിയാക് മാരിടൈം വിശദമാക്കിയിട്ടുണ്ട്.
നിലവിൽ ജീവനക്കാരെ സുരക്ഷിതരാക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും സോഡിയാക് മാരിടൈം വിശദമാക്കി. കപ്പലിലെ അഗ്നിബാധയേക്കുറിച്ച് കൃത്യമായ വിലയിരുത്തൽ എത്തിയിട്ടില്ലെങ്കിലും വലിയ രീതിയിൽ പുക ഉയരുന്ന അവസ്ഥയിലാണ് കപ്പലുള്ളതെന്നാണ് അമേരിക്കൻ കോസ്റ്റ്ഗാർഡ് വ്യക്തമാക്കുന്നത്. കാറും ട്രെക്കുമടക്കമുള്ള വാഹനങ്ങൾ കൊണ്ടുപോവുന്നതിനായി നിർമ്മിക്കപ്പെട്ടുള്ള കപ്പലാണ് 183 മീറ്റർ നീളമുള്ള മോർണിംഗ് മീഡാസ്. 2006ൽ നിർമ്മിതമായ ഈ കപ്പൽ ലൈബീരിയൻ പതാകയാണ് ഉപയോഗിക്കുന്നത്. ചൈനയിലെ യാൻതായിൽ നിന്ന് മെയ് 26നാണ് കാറുകളുമായി പുറപ്പെട്ടതാണ് ഈ കപ്പൽ. മെക്സിക്കോയിലെ പ്രമുഖ തുറമുഖമായി ലാസാരോ കാർദിനാസിലേക്കാണ് മോർണിംഗ് മിഡാസ് പുറപ്പെട്ടത്.


