തന്‍റെ നികുതി ബില്ലുകളെ എതിര്‍ക്കുന്ന മസ്കിനെ ഡോജ് ഉപയോഗിച്ച് തന്നെ നാടുകടത്താനും മടിക്കില്ലെന്ന് പറഞ്ഞ് ട്രംപ്. 

യുഎസ് പ്രസിഡന്‍റ് ട്രംപും ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്കും തമ്മിലുള്ള തര്‍ക്കം അടുത്ത കാലത്താണ് തുടങ്ങിയത്. പ്രത്യേകിച്ചും ഡോജിന്‍റെ തലപ്പത്ത് നിന്നും മസ്ക് ഇറങ്ങിയതിന് പിന്നാലെ. ആദ്യം രൂക്ഷമായ ആക്രമണ പ്രത്യാക്രമണമായിരുന്നുവെങ്കിലും പിന്നീട് ഇരുവരും ഇടക്കാലത്തേക്ക് രാജിയിലെത്തിയിരുന്നു. എന്നാല്‍ ട്രംപും മസ്കും വീണ്ടും വാക്പോര് തുടരുന്ന കാഴ്ചയാണ് ഇപ്പോൾ. ഏറ്റവും ഒടുവിലായി ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ ചൊല്ലി ട്രംപും മസ്കും വീണ്ടും വാക്ക് തര്‍ക്കത്തിലാണ്. തന്‍റെ സര്‍ക്കാറിന്‍റെ പിന്തുണ പിന്‍വലിച്ചാല്‍ എലോണ്‍ മസ്കിന് യുഎസിലെ കട അടച്ച് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ ചൊല്ലിയുളള്ള തർക്കത്തിനിടയിലാണ് ട്രംപ്, മസ്കിന് മുന്നറിയിപ്പ് നല്‍കിയത്. ഇന്നലെയാണ് യുഎസിലെ ഏറ്റവും വലിയ ധനികനായ മസ്കിന് തന്‍റെ കട അടച്ച് പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വന്നേക്കാമെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞത്. ഇന്ന് അദ്ദേഹം ഒരു പടി കൂടി കടന്ന് നാടുകടത്തൽ മുന്നറിയിപ്പ് നല്‍കി. ഇലക്ട്രിക്ക് കാര്‍ വിപണിയെ കുറിച്ച് സംസാരിക്കവെ സര്‍ക്കാര്‍ സബ്സിഡികളാണ് എലോണ്‍ മസ്കിനെ പിടിച്ച് നിർത്തുന്നതെന്നും സബ്സിഡികൾ ഇല്ലെങ്കില്‍ എലോണിന് കട അടച്ച് പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്ന് താന്‍ കരുതുന്നുവെന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

View post on Instagram

ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ രൂക്ഷമായ ഭാഷയിലാണ് മസ്ക് വിമര്‍ശിച്ചത്. വെറുപ്പുളവാക്കുന്നതെന്നും കടം അടിമത്ത ബില്ലെന്നുമാണ് പുതിയ ബില്ലിനെ മസ്ക് വിമർശിച്ചത്. ഇതോടെ ട്രംപ്, മസ്കുമായി അകൽച്ചയാരംഭിച്ചു. തര്‍ക്കം രൂക്ഷമാകുന്നതിനിടെ താന്‍ മൂന്നാം രാഷ്ട്രീയ പാർട്ടി, 'അമേരിക്കന്‍ പാര്‍ട്ടി' ആരംഭിക്കുമെന്നും മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്കിനെ നാടുകടത്തുമെന്നും മസ്കിന്‍റെ സബ്സിഡികളില്‍ അന്വേഷണം നടക്കുമെന്നും ഭീഷണി ഉയര്‍ത്തിയത്. യുഎസിന്‍റെ ചരിത്രത്തിൽ മറ്റാരെക്കാളും ഏറ്റവും കൂടുതല്‍ സബ്സിഡി ലഭിച്ചത് മസ്കിനാണെന്നും സബ്സിഡികൾ ഇല്ലായിരുന്നുവെങ്കില്‍ റോക്കറ്റോ, സാറ്റലൈറ്റ് ലോഞ്ചോ എന്തിന് ഇലക്ട്രിക്ക് കാറുകളുടെ നിർമ്മാണം പോലും നടക്കില്ലായിരുന്നെന്നും ട്രംപ് കുൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ്, എലോണിനെ ഡോജ് ചെയ്യേണ്ടിവന്നേക്കാമെന്നായിരുന്നു പ്രതികരിച്ചത്. ഫ്ലോറിഡയിലേക്കുള്ള യാത്രയ്ക്കായി വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടും മുമ്പായിരുന്നു ട്രംപിന്‍റെ അഭിപ്രായ പ്രകടനം. ഒപ്പം ഡോജ് തലവനായ എലോണിനെ പോലും തിന്നുകളയുന്ന ഒന്നാണ് ഡോജെന്ന് ഓർമ്മപ്പെടുത്താനും ട്രംപ് മറന്നില്ല.