ട്രംപിന് വേണ്ടി പണം വാരിയെറിഞ്ഞാണ് മസ്ക് ഒപ്പം നിന്നത്. ട്രംപ് ജയിച്ചു. മസ്ക് ഡോജിന്‍റെ തലവനുമായി. സ്ഥാനം ഒഴിയുന്നവേളയില്‍ പക്ഷേ, കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. വായിക്കാം ലോകജാലകം

ലോകത്തെ ഏറ്റവും സമ്പന്നനായ മനുഷ്യനും ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും തമ്മിലെ ഏറ്റുമുട്ടലിലേക്ക് നിരീക്ഷകരും സാമ്പത്തിക വിദഗ്ധരും സോഷ്യൽ മീഡിയ ഉപയോക്താക്കളും കുറേസമയത്തേക്ക് ചുരുങ്ങി. ടെസ്ലയുടെ ഓഹരി ഇടിഞ്ഞു, എക്സിന് വായനക്കാർ കൂടി. മസ്കിനും ട്രംപിനും ഫോളോവേഴ്സും. രണ്ട് പേരും തമ്മിൽ വ്യക്തിപരമായ അധിക്ഷേപവും ഭീഷണികളും തുടങ്ങിയതോടെ പ്രശ്നം കുറച്ച് ഗുരുതരമായി. ബില്ലിൽ തുടങ്ങിയ തർക്കം വ്യക്തിപരമായതോടെ നാണക്കേടായി രണ്ട് പേർക്കും. ഒരു ഫോൺകോൾ നടക്കാൻ പോകുന്നു എന്നൊക്കെ കേട്ടെങ്കിലും കുറച്ച് കാലത്തേക്ക് മസ്കിനോട് മിണ്ടാൻ പോകുന്നില്ലെന്ന് പ്രസിഡന്‍റ് പ്രതികരിച്ചു. ടെസ്ല വിൽക്കാൻ ആലോചിക്കുന്നുവെന്നും റിപ്പോർട്ട്.

അസാധാരണമായ കൂട്ടുകെട്ടായിരുന്നു അത്. സമ്പന്നനും പ്രസിഡന്‍റുമെന്ന നിലയിലല്ല. സ്വഭാവ വിശേഷങ്ങളുടെ കാര്യത്തിൽ വിട്ടുകൊടുക്കാൻ ഇഷ്ടമില്ലാത്ത, താൻ പിടിക്കുന്ന മാനിന് കൊമ്പ് മൂന്നെന്ന മട്ടിലെ പെരുമാറ്റം. അങ്ങനെ പലത്. പക്ഷേ, നിർണായക സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പില്‍ മസ്ക്, ട്രംപിനെ പിന്തുണച്ചു. കോടികൾ ചെലവാക്കി, ജയിച്ചു. 'താനില്ലായാരുന്നെങ്കിൽ തോറ്റനെയെന്ന' വാക്കുകൾ കുത്തുനോവിച്ചത് അത്, സത്യമായത് കൊണ്ടാവണം. പെൻസിൽവേനിയയിൽ അല്ലെങ്കിലും താൻ ജയിച്ചേനേയെന്ന് ട്രംപ് തിരിച്ചടിച്ചു. 290 ബില്യനാണ് മസ്ക് പെൻസിൽവേനിയയിൽ ഇറക്കിയത്. പേര് പറയുന്ന ഏറ്റവും വലിയ ഡോണറായി മാഗാ പാർട്ടി മസ്കിനെ പ്രഖ്യാപിക്കയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറുകളിൽ മസ്ക് സംഘം നേരിട്ടാണ് വോട്ടർമാരെ ബൂത്തുകളിലെത്തിച്ചത്. ട്രംപിന്‍റെ റാലികളിൽ നേരിട്ടെത്തി മസ്ക്. പെൻസിൽവേനിയയിൽ ആഴ്ചകളോളം ക്യാമ്പ് ചെയ്തു. ഇതൊക്കെ എല്ലാവ‍‍ർക്കും അറിയുന്ന കാര്യം. 'നന്ദികേട്' എന്നാണ് ട്രംപിന്‍റെ പരാമർശങ്ങളോട് മസ്ക് പ്രതികരിച്ചത്.

'നിയന്ത്രണം നഷ്ടപ്പെട്ട മനുഷ്യനെന്ന്' മസ്കിനെ അമേരിക്കൻ പ്രസിഡന്‍റ് വിശേഷിപ്പിച്ചത് അതിന്‍റെ മൂർധന്യത്തിലാണ്. അതിന് മുമ്പ് പലതും പറഞ്ഞു, പരസ്പരം. വാക്കുകളുടെ യുദ്ധം. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ഒരാളുടെ പോസ്റ്റ് പങ്കുവച്ച്, യെസ് എന്ന് മസ്കിന്‍റെ മറുപടി. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻറെ (Jeffrey Epstein) ഫയലുകളിലാണ് ശരിക്കുള്ള ട്രംപ്. അതുകൊണ്ടാണവ പുറത്ത് വരാത്തതെന്നും പോസ്റ്റിട്ടു, മസ്ക്. അത് പലരേയും ‌ഞെട്ടിച്ചു. പക്ഷേ, അത്ഭുതമില്ലെന്നും എപ്സ്റ്റീനും ട്രംപും നിൽക്കുന്ന ഫോട്ടോ പണ്ടേ പുറത്ത് വന്നതാണെന്ന് അനുകൂലികൾ. മസ്കിന്‍റെ സ‍ർക്കാർ കരാറുകൾ റദ്ദാക്കും എന്നായി ട്രംപിന്‍റെ ഭീഷണി. അമേരിക്കൻ ബഹിരാകാശ യാത്രികർ കയറുന്ന സ്പേസ് എക്സ് വാഹനം വേണ്ടെന്ന് വയക്കുമെന്നായി മസ്ക്. പ്രശ്നം പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കയും ചെയ്തു. അതാണ് നല്ലതെന്ന വേറെയും പലരുടെയും അഭിപ്രയാം മസ്ക് ശരിവച്ചു.

തന്‍റെ പുതിയ നികുതി ബില്ലിലെ ഇലക്ട്രിക് വാഹന വ്യവസ്ഥകൾ ഇഷ്ടപ്പെടാത്തതാണ് മസ്കിന്‍റെ പ്രശ്നമെന്നും പക്ഷേ, അനിഷ്ടം തുടങ്ങിയത് മസ്ക് ഇറങ്ങിയ ശേഷമാണെന്നുമാണ് ട്രംപിന്‍റെ പക്ഷം. മസ്ക് ഡോജ് വിടും മുമ്പ് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയെന്ന് ട്രംപിന്‍റെ വാക്കുകൾ സൂചിപ്പിക്കുന്നു. വിട്ടുപോകാൻ താനാണ് ആവശ്യപ്പെട്ടതെന്നും അതോടെ മസ്കിന് ഭ്രാന്തായെന്നുമാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പ്രസിഡന്‍റ് പറഞ്ഞത്. കള്ളം എന്ന് തിരിച്ചടിച്ചു, മസ്ക്. എന്തായാലും വിടവുകൾ നികത്താൻ രണ്ട് പക്ഷത്തും ശ്രമം തുടക്കത്തിൽ തന്നെ തുടങ്ങി. അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച്, പ്രഖ്യാപിത ശത്രുക്കളുമായി കൂട്ടുകൂടുന്ന സ്വഭാവമുണ്ട് ട്രംപിന്. അതുകൊണ്ട് 'മസ്ക് വിരോധം' ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്ന് കുറേപ്പേർ വാദിച്ചു. അതും സത്യം. വടക്കൻ കൊറിയൻ, ചൈന നേതാക്കൾ തന്നെ ഉദാഹരണം.ഒടുവില്‍ മസ്ക് ക്ഷമ പറഞ്ഞു. ട്രംപ് അത് സ്വീകരിച്ചു.