അർജന്റീന, ഇക്വഡോർ ഉൾപ്പെടെ നാല് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി ചില ഉൽപ്പന്നങ്ങളുടെ താരിഫ് കുറയ്ക്കാൻ അമേരിക്ക. ഈ നീക്കം കാപ്പി, വാഴപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുറയാൻ കാരണമായേക്കും.
വാഷിംഗ്ടൺ: വ്യാപാരക്കരാറിലേക്ക് എത്തിയതോടെ നാല് രാജ്യങ്ങളിൽ നിന്നുള്ള ചില ഉത്പ്പന്നങ്ങളുടെ താരിഫിൽ ഇളവ് വരുത്തി അമേരിക്ക. നാല് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചില ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഒഴിവാക്കാനും ചില ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനുമാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. അർജന്റീന, ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇറക്കുമതി ചെയ്യുന്ന ചില ഭക്ഷ്യവസ്തുക്കളുടെ താരിഫ് നീക്കാനുള്ള തീരുമാനം. ഈ രാജ്യങ്ങളുമായുണ്ടാക്കിയ വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ യു.എസ്. കമ്പനികൾക്ക് രാജ്യങ്ങളിലെ വിപണികളിൽ കൂടുതൽ വ്യാപാരം ചെയ്യാനുമാകും. പുതിയ കരാറുകൾ വഴി കാപ്പി, വാഴപ്പഴം, അടക്കം ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാൻ കഴിയുമെന്ന് ട്രംപ് അറിയിച്ചു. ഈ നാല് രാജ്യങ്ങളുമായുള്ള മിക്ക കരാറുകളും അടുത്ത രണ്ടാഴ്ചക്കുള്ളിൽ അന്തിമമായേക്കും.
പുതിയ കരാറുകൾ പ്രകാരം എൽ സാൽവഡോർ, ഗ്വാട്ടിമാല, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള മിക്ക സാധനങ്ങൾക്കും നിലവിലെ 10% തീരുവ നിലനിർത്തും. എങ്കിലും, അമേരിക്കയിൽ ഉത്പാദിപ്പിക്കാത്ത വാഴപ്പഴം, ഇക്വഡോറിൽ നിന്നുള്ള കാപ്പി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ യു.എസ്. തീരുവ ഒഴിവാക്കും. ഈ വർഷം തന്നെ കരാർ ഒപ്പിട്ടേക്കും. കാപ്പി, വാഴപ്പഴം, മറ്റ് പഴങ്ങൾ എന്നിവയുടെ വില കുറയ്ക്കുന്നതിലേക്ക് നയിക്കുന്ന ചില പ്രഖ്യാപനങ്ങളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും യുഎസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് നേരത്തെ സൂചന നൽകിയിരുന്നു.
മറ്റൊരു ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലുമായും അമേരിക്കയുടെ വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വീരയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരും കയറ്റുമതിക്കാരും ആണെങ്കിലും, ബ്രസീലിൽ നിന്നുള്ള യു.എസിലേക്കുള്ള കയറ്റുമതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50% തീരുവ വലിയ വെല്ലുവിളിയാണ്.
