തിരുവനന്തപുരം: സിപിഎമ്മിനെതിരെ വോട്ട് കച്ചവട ആരോപണം ആവർത്തിച്ച് കോൺഗ്രസ്. പാലായിൽ ബിജെപി വോട്ടുകൾ എൽഡിഎഫിന് കിട്ടിയതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ മറുപടി പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വോട്ടു കച്ചവട വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒളിച്ചുകളിക്കുന്നു. കോന്നി, മഞ്ചേശ്വം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും സിപിഎം-ബിജെപിയിലെ ഒരു വിഭാഗവുമായി ധാരണ ഉണ്ടാക്കി. അതിന് ആധികാരികമായ തെളിവുകൾ കെപിസിസിയുടെ പക്കലുണ്ടെന്നും സമയമാകുമ്പോൾ പുറത്ത് വിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു.

വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടം നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നുവരുന്നുവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. ഇതിൽ ബിജെപി പ്രതികരണം നടത്തട്ടെയെന്നും അതല്ലെങ്കിൽ ഈ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. വട്ടിയൂർക്കാവിലെ യുഡിഎഫ് കൺവെൻഷനിൽ വച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വോട്ടുകച്ചവടം എന്ന ബോംബ് പൊട്ടിക്കുന്നത്.

Read More: എൽഡിഎഫ് - ബിജെപി വോട്ട് കച്ചവടത്തിന് തെളിവുണ്ട്: പിണറായിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി

വട്ടിയൂർക്കാവിൽ ബിജെപി സിപിഎമ്മിനും കോന്നിയിൽ തിരിച്ച് സിപിഎം ബിജെപിക്കും വോട്ടു മറിക്കാനായി ധാരണയുണ്ടാക്കിയെന്നും കോൺഗ്രസ് ആക്ഷേപമുയർത്തുന്നുണ്ട്. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ ഇറക്കുന്നതിന് പകരം ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ ഇറക്കിയത് വോട്ട് കച്ചവടത്തിന്‍റെ ഭാഗമാണെന്നും ആരോപണമുയർന്നിരുന്നു. പാലായിലും ബിജെപിയുടെ വോട്ട് കുത്തനെ കുറയാൻ കാരണം എൽഡിഎഫിന് വോട്ട് മറിച്ചതാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമും ആരോപിച്ചിരുന്നു.

Read More:'മുല്ലപ്പള്ളിയും മുരളീധരനും എന്നാ ബിജെപിയിലോട്ട്?', 'വോട്ട് കച്ചവട'ത്തിൽ ആഞ്ഞടിച്ച് സിപിഎം

അതേസമയം, കോൺ​ഗ്രസിന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം രം​ഗത്തെത്തി. തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നത് കാക്ക മലർന്ന് പറക്കുന്ന കാലത്തായിരിക്കുമെന്ന് സിപിഎം പ്രതികരിച്ചു. പരാജയഭീതി കൊണ്ടാണ് മുല്ലപ്പള്ളി ഇത് മാതിരി ഓരോന്ന് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റം​ഗം ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു. പാലായിൽത്തന്നെ കോൺഗ്രസ് ആകെ പേടിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎം - ബിജെപി വോട്ട് കച്ചവടം നടക്കുമെന്നതിന് തെളിവുണ്ടെന്ന് ആരോപിച്ച മുല്ലപ്പള്ളി അത് പുറത്തുവിടട്ടെയെന്നും ആനത്തലവട്ടം വെല്ലുവിളിച്ചു.

വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിന് നൽകിയ മറുപടി. ആര്‍എസ്എസിന്‍റെ വോട്ട് എല്‍ഡിഎഫിന് വേണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. നേരത്തെ നടത്തിയിട്ടുള്ള വോട്ട് കച്ചവടങ്ങളുടെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Read More: ബിജെപി-സിപിഎം വോട്ടുകച്ചവടം ആരോപിച്ച് മുല്ലപ്പള്ളി, രാഷ്ട്രീയ ചെറ്റത്തരം സിപിഎം കാണിക്കില്ലെന്ന് പിണറായി

എന്നാൽ, എല്‍ഡിഎഫ്-ബിജെപി വോട്ട് കച്ചവടത്തിന്‍റെ ശക്തമായ തെളിവാണ് പാലാ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാദ്യം വോട്ട് കച്ചവടം എടുത്തിടാറുള്ളത് എൽഡിഎഫാണ്. പക്ഷെ ഇത്തവണ ഒരു മുഴം മുമ്പെ എറിഞ്ഞാണ് യുഡിഎഫ് അടവ് നീക്കം നടത്തിയത്. മാർക്സിസ്റ്റ്- ബിജെപി ബന്ധം കോൺഗ്രസ് നേതാക്കൾ വിടാതെ ആവർത്തിക്കുമ്പോൾ പഴയ കോലിബി സഖ്യം അടക്കം ഓർമ്മിപ്പിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ്- ബിജെപി വോട്ട് കച്ചവടം നടക്കുന്നുവെന്നത് ഇനി പ്രത്യേകം തെളിയിക്കേണ്ടതില്ലെന്നും രമേശ് ചെന്നിതല പറ‌ഞ്ഞു. കച്ചവടത്തിന്റെ തെളിവ് തരാനായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഇനിയതിന്‍റെ ആവശ്യമില്ല. പാലായിലെ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ് ഏറ്റവും വലിയ തെളിവ് എന്നും ചെന്നിത്തല വ്യക്തമാക്കി. 

Read More: വോട്ട് കച്ചവടവാദം; തെളിവ് പാലാ ഫലമെന്ന് ചെന്നിത്തല, ആർഎസ്എസ് വോട്ട് വേണ്ടെന്ന് കോടിയേരി

അതേസമയം, മുല്ലപ്പള്ളിയുടേത് തരംതാണ നടപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. പരാജയഭീതി കൊണ്ടാണ് സിപിഎമ്മും കോൺഗ്രസ്സും പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നതെന്നും ശ്രീധരൻ പിള്ളയുടെ വിശദീകരിച്ചു.ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്നും തെളിവുണ്ടെങ്കിൽ പുറത്ത് വിടാൻ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമതീരുമാനമെടുത്തത് കേന്ദ്രനേതൃത്വമാണ്. ഒരു പ്രശ്നവുമില്ലെന്ന് കുമ്മനം തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. വട്ടിയൂർക്കാവിൽ മത്സരം സിപിഎമ്മും ബിജെപിയും നേർക്കുനേരാണെന്നും കോൺ​ഗ്രസിന്റെ വോട്ട് കച്ചവട ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്നും എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷ് പറഞ്ഞു.