കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട് ഓഫീസര്‍ ചുമതലയിൽ നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി.  പകരം എഡിജിപി എസ് ശ്രീജിത്തിനാണ് ചുമതല.

തിരുവനന്തപുരം: സ്പോര്‍ട്സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പൊലീസിലെ കായിക ചുമതലയിൽ മാറ്റം. കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട് ഓഫീസര്‍ ചുമതലയിൽ നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി. പകരം എഡിജിപി എസ് ശ്രീജിത്തിനാണ് ചുമതല. കണ്ണൂര്‍ സ്വദേശിയായ വോളിബോള്‍ താരത്തെ സിവിൽ പൊലീസ് ഓഫീസര്‍ തസ്തികയിൽ ചട്ടവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചുമതല മാറ്റത്തിൽ കലാശിച്ചത്. 

ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ പങ്കെടുത്തിട്ടില്ലാത്ത കായിക താരത്തിന് നിയമനം നൽകണമെന്നായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള നിര്‍ദ്ദേശം. വിവാദം ഭയന്ന് അജിത് കുമാര്‍ റിക്രൂട്ട്മെന്‍റിന് തയ്യാറായിരുന്നില്ല. അവധിയിൽ പോയ അജിത് കുമാര്‍ സ്പോര്‍ട്സ് ഓഫീസര്‍ ചുമതല മാറ്റണമെന്നാവശ്യപ്പെട്ട് കത്തും നൽകിയിരുന്നു. എസ് ശ്രീജിത്ത് താല്‍ക്കാലിക ചുമതല നൽകിയെങ്കിലും അദ്ദേഹവും റിക്രൂട്ട്മന്‍റ് നടത്തിയില്ല. രണ്ട് ബോഡി ബിൽഡിങ് താരങ്ങള്‍ക്ക് അംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരായി സൂപ്പര്‍ ന്യൂമറി തസ്തികയിൽ നിയമനം നൽകാനുള്ള മന്ത്രിസഭ തീരുമാനവും വിവാദമായതിനിടെയാണ് സ്പോര്‍ട്സ് ഓഫീസര്‍ ചുമതല മാറ്റം. ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്.

Also Read: 'ഇങ്ങനെയും മോഷ്ടിക്കാമോ, മന്ത്രി അപ്പൂപ്പാ നടപടി വേണം', സർക്കാർ സ്കൂളിൽ കുട്ടികളുടെ പച്ചക്കറി തോട്ടത്തിൽ കളവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം