കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ടു പോയ വാഹനം പൊലീസ് ബലം പ്രയോഗിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. പിന്നെ കാണുന്നത് വണ്ടിയും യാത്രക്കാരും നിലത്തേക്ക് വീഴുന്നതാണ്.

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനം ബലം പ്രയോഗിച്ച് നിര്‍ത്താനുളള പൊലീസിന്‍റെ ശ്രമം അപകടത്തില്‍ കലാശിച്ചെന്ന് പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്‍റ്സ് അതോറിറ്റിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് പരിക്കേറ്റ യുവാവ്. വാഹന പരിശോധനയ്ക്കായി നില്‍ക്കുന്ന രണ്ട് പൊലീസുകാര്‍. അവര്‍ക്കു മുന്നിലേക്കെത്തുന്ന രണ്ടു പേര്‍ സഞ്ചരിക്കുന്ന ഇരുചക്ര വാഹനം. കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ടു പോയ വാഹനം പൊലീസ് ബലം പ്രയോഗിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. പിന്നെ കാണുന്നത് വണ്ടിയും യാത്രക്കാരും നിലത്തേക്ക് വീഴുന്നതാണ്.

തൃക്കുന്നപ്പുഴയിലെ ബവ്റിജസ് ഔട്ട് ലെറ്റില്‍ നിന്ന് മദ്യം വാങ്ങി വരും വഴിയാണ് സംഭവമെന്ന് അപകടത്തില്‍ പരിക്കേറ്റ ജയന്‍ പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്തതു കൊണ്ടാണ് വാഹനം നിര്‍ത്താതിരുന്നതെന്നും സമ്മതിക്കുന്നു. എന്നാല്‍ അപകടമുണ്ടായിട്ടും പരിക്കേറ്റ തന്നെയും സുഹൃത്തിനെയും ആശുപത്രിയില്‍ പോലും എത്തിക്കാന്‍ നില്‍ക്കാതെ പൊലീസ് സ്ഥലത്തു നിന്ന് കടന്നു കളഞ്ഞതിനാലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് ജയന്‍റെ വിശദീകരിക്കുന്നു.

പൊലീസ് ബലപ്രയോഗത്തെ തുടര്‍ന്നുളള അപകടമെന്ന് ഹരിപ്പാട് ജനറല്‍ ആശുപത്രിയിലെ രേഖകളിലും പരാമര്‍ശിച്ചിട്ടുണ്ട്. മദ്യവില്‍പനശാലയ്ക്കു പരിസരത്തു നിന്ന് തന്നെ മദ്യപിച്ച ശേഷം വണ്ടിയോടിക്കുന്നവരെ കണ്ടെത്താന്‍ മേഖലയില്‍ പരിശോധന നടത്താറുണ്ടെന്ന് പൊലീസ് സമ്മതിക്കുന്നു. എന്നാല്‍ ഈ അപകടവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് തൃക്കുന്നപ്പുഴ പൊലീസ് തയാറായിട്ടില്ല.

പൊലീസ് പിന്നിൽ നിന്ന് വലിച്ചു! ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്