പാലക്കാട് സ്കൂള്‍ പരിസരത്തെ സ്ഫോടനത്തിൽ പിടിയിലായവര്‍ക്ക് ബിജെപി, ആര്‍എസ്എസ് ബന്ധമുണ്ടെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ആര്‍എസ്എസ് കേന്ദ്രങ്ങളിൽ സ്ഫോടന വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ടെന്നും ഇഎൻ സുരേഷ്ബാബു ആവര്‍ത്തിച്ചു
പാലക്കാട്: പാലക്കാട് സ്കൂള്‍ പരിസരത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് ബിജെപി, ആര്‍എസ്എസ് ബന്ധമുണ്ടെന്ന് സിപിഎം ആരോപണം. സ്കൂളിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാടിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പന്നിപ്പടക്കം കണ്ടെത്തിയിരുന്നു. സംഭവത്തിൽ പിടിയിലായവര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു. ആര്‍എസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തണമെന്നും സുരേഷ് ബാബു ആവര്‍ത്തിച്ചു. പിടിയിലായ കല്ലേക്കാട് സ്വദേശി സുരേഷ് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ആര്‍എസ്എസ് കേന്ദ്രങ്ങളിൽ സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ടെന്നും ഇഎൻ സുരേഷ്ബാബു പറഞ്ഞു. പൊലീസിനെതിരെയും സിപിഎം ജില്ലാ സെക്രട്ടറി ആരോപണം ഉന്നയിച്ചു.
പൊലീസിൽ ആര്‍എസ്എസ് നിയന്ത്രിക്കുന്നവരുണ്ടെന്നും ഈ കേസിലും ചില ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇഎൻ സുരേഷ് ബാബു ആരോപിച്ചു. ആര്‍എസ്എസിന്‍റെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാൽ കാണാമെന്നും ഇഎൻ സുരേഷ് ബാബു മുന്നറിയിപ്പ് നൽകി. പിടിയിലായ സുരേഷ് ബിജെപി മണ്ഡലം പ്രസിഡന്‍റിന്‍റെ അയൽക്കാരനാണെന്നും സുരേഷ്ബാബു പറഞ്ഞു.കല്ലേക്കാട് സ്വദേശി സുരേഷിന്‍റെ വീട്ടിലാണ് ഇന്ന് പരിശോധന നടത്തിയത്. പരിശോധനയിൽ വീട്ടിൽ നിന്ന് പന്നിപ്പടക്കം കണ്ടെത്തിയിരുന്നു. സുരേഷിന് പുറമെ ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരും കസ്റ്റഡിയിലായി. ഇവർ നിർമ്മാണ തൊഴിലാളികളാണ്. ഇവർ ബി ജെ പി പ്രവർത്തകരാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ മാസം, പാലക്കാട് മൂത്താൻതറയിലെ സ്കൂളിന് സമീപമാണ് സ്ഫോടനമുണ്ടായത്. ആർഎസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളാണിത്. പത്തുവയസ്സുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിരുന്നു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പറഞ്ഞ് ബിജെപിയും രംഗത്തെത്തിയിരുന്നു.



