രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. അഞ്ചിൽ ഒരു മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞത്. 

ദില്ലി/തിരുവനന്തപുരം: രാജ്യത്തെ അഞ്ച് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടി. അഞ്ചിൽ ഒരു മണ്ഡലത്തിൽ മാത്രമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംവരണ മണ്ഡലമായ മെഹ്‌സാനയിലെ കാദി സീറ്റ് നിലനിര്‍ത്താനായത് പാര്‍ട്ടിക്ക് ആശ്വാസമായി. 39452 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ രാജേന്ദ്ര കുമാര്‍ കോണ്‍ഗ്രസിലെ രമേഷ്ഭായ് ഛാവ്ദയെ പരാജയപ്പെടുത്തിയത്.

എന്നാല്‍, ഗുജറാത്തിലെ തന്നെ വിസാവദറിലെ പരാജയം ബിജെപിക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയാണ്. വിസാവദറില്‍ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎയായിരുന്ന ഭൂപേന്ദ്ര ഭയാനി രാജിവെച്ച് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി)യിൽ ചേർന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇവിടെ എഎപിയുടെ ഇറ്റാലിയ ഗോപാല്‍ 17554 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. ബിജെപിയുടെ കിരിത് പട്ടേൽ രണ്ടാം സ്ഥാനത്തായി.

കേരളത്തിലെ നിലമ്പൂരില്‍ നേരിയ വോട്ട വര്‍ധന ഒഴിച്ചാൽ കാര്യമായ ചലനമൊന്നും ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് നേടാൻ കഴിഞ്ഞില്ല. ഇവിടെ കോണ്‍ഗ്രസിന്‍റെ ആര്യാടൻ ഷൗക്കത്ത് പത്തിനൊന്നായിരിത്തിലേറെ വോട്ടുകൾക്ക് വിജയം നേടി. രണ്ടാം സ്ഥാനത്ത് സിപിഎമ്മിന്‍റെ എം സ്വരാജാണ്. പഞ്ചാബിലെ ലുധിയാന വെസ്റ്റിൽ എഎപിയുടെ സ‌‌ഞ്ജീവ് അറോറ വിജയമുറിപ്പിച്ചുള്ള മുന്നേറ്റമാണ് നടത്തുന്നത്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും പത്തിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം അദ്ദേഹം നേടിയിട്ടുണ്ട്. ഇവിടെ കോൺഗ്രസ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്.

പശ്ചിമ ബംഗാളിലെ കാളഗഞ്ചിലും ബിജെപി വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ഔദ്യോഗിക ഫലം വന്നിട്ടില്ലെങ്കിലും തൃണമൂല്‍ കോൺഗ്രസിലെ ആലിഫ അഹമ്മദ് 45,000ലേറെ വോട്ടുകൾക്ക് മുന്നിലാണ്. ബിജെപി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ കോണ്‍ഗ്രസ് ഇവിടെ മൂന്നാമതാണ്. അന്തരിച്ച എംഎല്‍എ നസറദ്ദീൻ അഹമ്മദിന്‍റെ മകളെ തന്നെ രംഗത്തിറക്കി തൃണമൂല്‍ ഈ മണ്ഡലം നിലനിർത്തിയിരിക്കുകയാണ്.