പൊതുപണം നഷ്ടമായതിൽ ഉത്തരവാദികൾക്കെതിരേ കർശന നടപടി വേണമെന്ന് അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയും അണ്ടർ സെക്രട്ടറിയും ഫയലിൽ എഴുതിയെങ്കിലും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇതിനെ നിസ്സാരവൽക്കരിക്കുകയായിരുന്നു. ഇത് സാധാരണ നടപടിക്രമമാണെന്നും വിജിലൻസ് പരിശോധിക്കേണ്ട ആവശ്യവുമില്ലെന്നാണ് പിണറായി വിജയൻ ഇതുസംബന്ധിച്ച ഫയലിൽ എഴുതിയത്.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഡിറ്റ് വാങ്ങിയ സോഫ്റ്റ് വെയർ ഉപയോ​ഗിക്കാത്തത് കാരണം 33 ലക്ഷം രൂപയുടെ നഷ്ടമെന്ന് കണ്ടെത്തൽ. കെഎസ്എഫ്ഇ ചിട്ടിക്കായുള്ള സോഫ്റ്റ് വെയർ വൻ തുക മുടക്കി സബ്സ്ക്രിപ്ഷൻ എടുത്തിട്ടും ഒരുതവണ പോലും ഉപയോ​ഗിച്ചില്ലെന്നാണ് കണ്ടെത്തൽ. പൊതുപണം നഷ്ടമായതിൽ ഉത്തരവാദികൾക്കെതിരേ കർശന നടപടി വേണമെന്ന് അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയും അണ്ടർ സെക്രട്ടറിയും ഫയലിൽ എഴുതിയെങ്കിലും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇതിനെ നിസ്സാരവൽക്കരിക്കുകയായിരുന്നു. ഇത് സാധാരണ നടപടിക്രമമാണെന്നും വിജിലൻസ് പരിശോധിക്കേണ്ട ആവശ്യവുമില്ലെന്നാണ് പിണറായി വിജയൻ ഇതുസംബന്ധിച്ച ഫയലിൽ എഴുതിയത്.

പിണറായി സർക്കാരിന്റെ കാലത്താണ് കെഎസ്എഫ്ഇ ചിട്ടിക്കായി സിഡിറ്റ് സോഫ്റ്റ് വെയർ വാങ്ങിയത്. ഒരുവർഷത്തെ ഉപയോ​ഗത്തിന് 33 ലക്ഷം രൂപയായിരുന്നു സോഫ്റ്റ് വെയറിന്റെ സബ്സ്ക്രിപ്ഷൻ തുക. എന്നാൽ, വൻ തുക മുടക്കി സോഫ്റ്റ് വെയർ വാങ്ങിച്ചിട്ടും ഒരുതവണ പോലും ഇത് ഉപയോ​ഗിച്ചില്ല. ഇതുസംബന്ധിച്ച് ഐടി വകുപ്പിലെ ഒരു ഉദ്യോ​ഗസ്ഥൻ തന്നെയാണ് മേലധികാരികളെ പരാതിയുമായി സമീപിച്ചത്. തുടർന്ന് വകുപ്പുതല അന്വേഷണമുണ്ടായി.

ഈ അന്വേഷണത്തിലാണ് വൻ തുക മുടക്കി സോഫ്റ്റ് വെയർ വാങ്ങിയിട്ടും ഇത് ഉപയോ​ഗിക്കാത്തത് വീഴ്ചയാണെന്ന് 2022-ൽ ഐടി സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹ ഫയലിൽ എഴുതിയത്. ഉത്തരവാദികൾക്കെതിരേ നടപടി വേണമെന്നും ശുപാർശചെയ്തു. അണ്ടർ സെക്രട്ടറിയും സമാനമായ പരാമർശമാണ് ഫയലിൽ കുറിച്ചത്. ഇതിനുശേഷം ഫയൽ ഐടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തി. എന്നാൽ, സോഫ്റ്റ് വെയർ വാങ്ങിയതിൽ വീഴ്ചയില്ലെന്നും സാധാരണ നടപടിക്രമമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഇത് നിസ്സാരവൽക്കരിച്ചു. വിജിലൻസ് പരിശോധനയ്ക്ക് വിധേയമാക്കാനാകില്ലെന്നും മുഖ്യമന്ത്രി ഫയലിൽ എഴുതി. അതേസമയം, ഇനി ഇങ്ങനെയുള്ള സോഫ്റ്റ് വെയറുകൾ വാങ്ങുകയാണെങ്കിൽ കൃത്യമായ പഠന നടത്തി വാങ്ങണമെന്നും മുഖ്യമന്ത്രി ഫയലിൽ എഴുതിയിരുന്നു.

കഴിഞ്ഞ പത്തുവർഷം സിഡിറ്റ് നടത്തിയ വിവിധ സോഫ്റ്റ് വെയർ പർച്ചേസുകളെക്കുറിച്ച് നേരത്തേ പരാതികൾ ഉയർന്നിരുന്നു. ഈ പർച്ചേസുകളെക്കുറിച്ചെല്ലാം വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.

സി-ഡിറ്റ് വാങ്ങിയ സോഫ്റ്റ്‍വെയറിലൂടെ നഷ്ടം 33 ലക്ഷം; LDF കാലത്തെ ക്രമക്കേടിൽ അന്വേഷണം