പ്ലാസ്റ്റിക് ചാക്കുകളും ചണച്ചാക്കുകളും ഉണ്ടായിരുന്ന വാഹനത്തിൽ. ചെക്ക് പോസ്റ്റിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. 

കൽപ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ നിരോധിത പുകിയില ഉത്പന്നങ്ങൾ പിടികൂടി. മിനി ലോറിയിൽ കടത്തിക്കൊണ്ട് വന്ന 3495 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. മാനന്തവാടി വാളാട് വില്ലേജ് സ്വദേശിയായ സഫീർ എൻ.എ എന്നയാൾ ഓടിച്ചുകൊണ്ട് വന്ന മിനി ലോറിയിലായിരുന്നു വൻ പുകയിസ ശേഖരം. കാലിത്തീറ്റ ലോഡാണെന്ന വ്യാജേനയാണ് ഇവ കടത്തിക്കൊണ്ട് വന്നത്.

15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളുമാണ്  മിനിലോറിയിലുണ്ടായിരുന്നത്. പുറത്തു നിന്ന് നോക്കുമ്പോൾ അസ്വഭാവികമായി ഒന്നും കാണാത്ത തരത്തിലായിരുന്നു പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്. എന്നാൽ ചെക്ക് പോസ്റ്റിലെ എക്സൈസ് പരിശോധനയിൽ നിരോധിത ഉത്പന്നങ്ങൾ കണ്ടെടുത്തു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ഇവയെന്ന് എക്സൈസിന്റെ സംശയം.

എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സൈമൺ കെ.എം, പ്രിവന്റീവ് ഓഫീസർ ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ഇ.ബി, വിപിൻ പി, സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യൂട്ടിയിലുണ്ടായിരുന്ന വയനാട് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സാബു സി.ഡി, സിവിൽ എക്സൈസ് ഓഫീസർ ശശികുമാർ പി.എൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം