2019മാർച്ചിലായിരുന്നു എലത്തൂർ സ്വദേശിയായ വിജിലിന്റെ മരണം. അമിത ലഹരി ഉപയോഗത്തെ തുടർന്നു മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയതെന്നായിരുന്നു പിടിയിലായ സുഹൃത്തുക്കളുടെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

കോഴിക്കോട്: എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്. 2019മാർച്ചിലായിരുന്നു വിജിലിന്റെ മരണം. അമിത ലഹരി ഉപയോഗത്തെ തുടർന്നു മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയതെന്നായിരുന്നു പിടിയിലായ സുഹൃത്തുക്കളുടെ മൊഴി. തുടർന്ന് ദിവസങ്ങളോളമാണ് സരോവരത്തെ ചതുപ്പിൽ പരിശോധന നടത്തിയത്. പിന്നീട് ലഭിച്ച ശരീര ഭാ​ഗങ്ങളാണ് പരിശോധനയ്ക്കയച്ചത്. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വിജില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ച വിജിലിന്‍റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന് സുഹൃത്തുക്കളായ നിഖിലും ദീപേഷും മൊഴി നല്‍കിയത്. പിന്നാലെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രണ്ടു പേരെയും എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ടാം പ്രതി രഞ്ജിതിനെ തെലങ്കാനയില്‍ വെച്ച് അന്വേഷണ സംഘം പിടികൂടുകയായിരുന്നു.