പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'ഇത്തിഹാദ്' ഫൈബർ വള്ളവും ആനങ്ങാടി സ്വദേശികളുടെ 'റുബിയാൻ' വള്ളവുമാണ് കൂട്ടിയിടിച്ചത്.
മലപ്പുറം: മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് അരിയല്ലൂർ എൻസി ഗാർഡന് സമീപം താമസിക്കുന്ന നവാസാണ് (39) മരിച്ചത്. മത്സ്യബന്ധനത്തിനിടെ പരപ്പനങ്ങാടി കടലിലാണ് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'ഇത്തിഹാദ്' ഫൈബർ വള്ളവും ആനങ്ങാടി സ്വദേശികളുടെ 'റുബിയാൻ' വള്ളവുമാണ് കൂട്ടിയിടിച്ചത്. വലയിടുന്നതിനിടെ പ്രതികൂല കാലാവസ്ഥയിൽ നിയന്ത്രണം വിട്ട വള്ളങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. നവാസ് വള്ളത്തിൽ തലയിടിച്ചുവീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നവാസ്. ഭാര്യ : സഫീന. മക്കൾ : നാദിയ ഷെറിൻ, ഷഫ്ന ബിൻസ്, മുഹമ്മദ് നസ്സിൽ, നസ ഫാത്തിമ. സഹോദരങ്ങൾ : സവാദ്, നൗഫർ, സെയിഫു, റുക്സാന.


