തിരുവോണം നാളിൽ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. യെല്ലോ അലർട്ട് ആറ് ജില്ലകളിലായി. . പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ നാളിൽ കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലർട്ട് കൂടുതൽ ജില്ലകളിൽ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, തിരുവോണ നാളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവോണ നാളിൽ വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ പ്രവചനം.

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് തുടരുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തിരുവോണ നാളിൽ ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ലെന്നത് ആശ്വാസകരമാണ്. കൂടാതെ, മൂന്ന്, നാല് ഓണം നാളുകളിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.