ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ വേണ്ടി മനഃപൂർവ്വം രാജ്യസഭാ സ്ഥാനാർത്ഥിത്വം ഒഴിഞ്ഞുകൊടുത്ത മഹാനാണ് കെ സി വേണുഗോപാൽ എന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: കോൺഗ്രസിനെ നശിപ്പിക്കാൻ ബിജെപി റിക്രൂട്ട് ചെയ്ത 'ട്രോജൻ കുതിര'യാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കെ സി വേണുഗോപാലിന്‍റെ സമീപകാല പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ വേണ്ടി മനഃപൂർവ്വം രാജ്യസഭാ സ്ഥാനാർത്ഥിത്വം ഒഴിഞ്ഞുകൊടുത്ത മഹാനാണ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്ക് തെറ്റായ ഉപദേശങ്ങൾ നൽകി, തെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വി ശിവൻകുട്ടി ആരോപിച്ചു.
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉന്നം വെക്കുമ്പോഴും, കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ മാത്രം സുരക്ഷിതനായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. ഇത് അദ്ദേഹവും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്നതിന്റെ തെളിവാണ്. കെ സി വേണുഗോപാലിന്റെ അടുത്ത ലക്ഷ്യം കേരളത്തിൽ ബിജെപിക്ക് അടിത്തറ ഒരുക്കലാണ്. സ്വന്തം പാർട്ടിക്ക് കുഴിതോണ്ടുന്ന ഈ നീക്കം ഓരോ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തിരിച്ചറിയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
ബിജെപിയുടെ താല്പര്യ പ്രകാരമാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത്: കെ സി വേണുഗോപാൽ
കേന്ദ്രസർക്കാരിന്റെ ലേബർ കോഡ് നടപ്പിലാക്കുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് കേരളത്തിൽ നടപ്പിലാക്കിയത്. ബിജെപിയുടെ താല്പര്യ പ്രകാരമാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പി എം ശ്രീ പദ്ധതിയിൽ അത് കണ്ടു. കേന്ദ്ര ഗസർക്കാരിന്‍റെ ഇച്ചയ്ക്ക് അനുസരിച്ചാണ് പിഎം ശ്രീയിൽ കേരള സർക്കാർ പ്രവർത്തിച്ചത്. ലേബർ കോഡിൽ എന്താണ് സിപിഎമ്മിന്‍റെ നിലപാടെന്നും കെസി ചോദിച്ചു. തൊഴിലാളി പാർട്ടി എന്ന ലേബൽ സിപിഎം മടക്കിവെച്ചോ? ഒന്നിന് പുറകെ ഒന്നായി ബിജെപിയോട് വിധേയത്വം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലും കെസി സർക്കാരിനെതിരെ ആഞ്ഞടിച്ചു. മുൻ ദേവസ്വം പ്രസിഡന്‍റിന്‍റെ മൊഴിയനുസരിച്ച് മുൻമന്ത്രിയുടെ പേര് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ശബരിമല വിഷയത്തിൽ ആരെയാണ് സർക്കാർ സംരക്ഷിക്കുവാൻ ശ്രമിക്കുന്നത്? എസ് ഐ ടി യുടെ അന്വേഷണം ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ഹൈക്കോടതിയുടെ നടപടി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഈ പ്രതികൾ കളവ് തുടർന്നേനെയെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.


