കേരള ബജറ്റിൽ കൊല്ലത്ത് 'റെയർ എർത്ത് കോറിഡോർ' സ്ഥാപിക്കാൻ പ്രഖ്യാപനം. ചൈനയുടെ കുത്തകയുള്ള പെർമനന്‍റ് മാഗ്നറ്റ് വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ 42,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: ചൈനയുടെ കുത്തകയായ ആഗോള പെർമനന്‍റ് മാഗ്നറ്റ് വിപണിയിൽ ഇന്ത്യയുടെ കരുത്തായി മാറാൻ കൊല്ലത്തിന് അവസരമൊരുക്കുന്നതാണ് കേരളത്തിന്‍റെ പുതിയ ബജറ്റെന്ന് മന്ത്രി പി രാജീവ്. കെഎംഎംഎല്ലിനോട് ചേർന്ന് 'റെയർ എർത്ത് കോറിഡോർ' സ്ഥാപിക്കാനുള്ള ബജറ്റ് പ്രഖ്യാപനം വഴി 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖം വഴി ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ഈ വ്യവസായ ഇടനാഴി കേരളത്തിന്‍റെ സാമ്പത്തിക ഭൂപടത്തെ തന്നെ മാറ്റിവരയ്ക്കും.

കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്തെ ധാതുമണലിൽ അടങ്ങിയിരിക്കുന്ന മോണോസൈറ്റിനെ ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ കെഎംഎംഎൽ ശേഖരിച്ചുവെച്ചിരിക്കുന്ന ഒന്നേകാൽ ലക്ഷം ടണ്ണോളം വരുന്ന മോണോസൈറ്റിൽ നിന്ന് നിയോഡൈമിയം, പ്രസിയോഡൈമിയം തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുത്ത് ഇലക്ട്രിക് വാഹനങ്ങൾക്കും കാറ്റാടി യന്ത്രങ്ങൾക്കും ആവശ്യമായ അതിശക്തമായ കാന്തങ്ങൾ നിർമ്മിക്കാൻ നമുക്കാകും.

നിർണായക ലോഹം

ക്ലീൻ എനർജി, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിൽ നിർണ്ണായകമായ ഈ ലോഹങ്ങൾക്കായി ലോകം ഇപ്പോൾ പ്രധാനമായും ചൈനയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈദരാബാദിലെ എൻഎഫ്ടിഡിസിയുടെ സാങ്കേതിക സഹായത്തോടെ കെഎംഎംഎല്ലും കെൽട്രോണും ചേർന്നുകൊണ്ട് ഒരു റെയർ എർത്ത് ക്രിട്ടിക്കൽ മിഷൻ രൂപീകരിക്കുന്നത്. ഈ മിഷനായി 100 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിക്കഴിഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൂടി യാഥാർത്ഥ്യമായതോടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ എളുപ്പമാകുമെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.