മാസപ്പടി കേസിൻ്റെ പേരിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദം. ഹൈക്കോടതിയിലെ സർക്കാർ നിലപാട് ശരിയായില്ലെന്ന് മാത്യു കുഴൽനാടൻ യോഗത്തിൽ തുറന്നടിച്ചു. ഉമ്മൻ ചാണ്ടിക്ക് എൽഡിഎഫ് കൊടുക്കാത്ത നീതി പിണറായിക്ക് എന്തിനു യുഡിഎഫ് നൽകി മാത്യു കുഴൽനാടൻ ചോദിച്ചു.
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചതിൽ കോൺഗ്രസിൽ കടുത്ത ഭിന്നത. ഉമ്മൻ ചാണ്ടിക്ക് എൽഡിഎഫ് സർക്കാർ നൽകാത്ത നീതി എന്തിനാണ് പിണറായിക്ക് നൽകുന്നതെന്ന് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി (സിഎൽപി) യോഗത്തിൽ മാത്യു കുഴൽനാടൻ തുറന്നടിച്ചു. മാത്യുവിന് ചെറുപ്പത്തിൻ്റെ ആവേശമാണെന്നും അതിവേഗം കേസെടുക്കേണ്ട എന്നതാണ് ശരിയായ രാഷ്ട്രീയ ലൈൻ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയും മാത്യുവും തമ്മിൽ യോഗത്തിൽ ഏറെ നേരം വാദപ്രതിവാദമുണ്ടായി.
മാസപ്പടിയിൽ പിണറായിക്കും സർക്കാരിനും ഹൈക്കോടതിഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടിയേറ്റിരുന്നു. ഇഡിയുടെ അടുത്ത നീക്കങ്ങളിൽ പിണറായിക്ക് ആശങ്കയുണ്ടെങ്കിൽ, കോൺഗ്രസിൽ വിധി കടുത്ത രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കി. രാവിലെ നിയമസഭാ മന്ദിരത്തിലെ വാർത്താ സമ്മേളനത്തിൽ എജിയെ തള്ളിയ മാത്യു കുഴൽനാടൻ പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. എന്നാൽ എജിയെ പൂർണമായും ന്യായീകരിച്ചു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രംഗത്തെത്തി.
മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തിന് ശേഷവും മാത്യു കുഴൽനാടൻ പിന്മാറിയില്ല. സിഎൽപിയിൽ ആഞ്ഞടിച്ച മാത്യു, ഉമ്മൻ ചാണ്ടിക്ക് സോളാർ കേസിൽ പിണറായി സർക്കാർ നൽകാത്ത നീതി എന്തിന് പിണറായിക്ക് യുഡിഎഫ് സർക്കാർ നൽകുന്നുവെന്ന് ചോദിച്ചു. ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞപ്പോൾ മാത്യുവിന് പലരും കയ്യടിച്ചു. പക്ഷെ പിന്നീട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുമിച്ച് സർക്കാർ നിലപാടിനെ ന്യായീകരിച്ചു.
ചാടിക്കയറി എഫ്ഐആർ ഇട്ടാൽ സിപിഎം ആയുധമാക്കും. അതൊഴിവാക്കാനുള്ള രാഷ്ട്രീയ ലൈനാണ് സർക്കാർ എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുവേള മാത്യുവും മുഖ്യമന്ത്രിയും വാദപ്രതിവാദമുണ്ടായി. പിണറായിക്കെതിരായ പ്രാചരണങ്ങൾ പാർട്ടി മറന്നോ എന്നായിരുന്നു മാത്യുവിൻ്റെ ചോദ്യം. മാത്യുവിന് ചെറുപ്പത്തിൻ്റെ ആവേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി യോഗത്തിൻ്റെ തീരുമാനവും തിടുക്കത്തിൽ കേസ് വേണ്ടെന്നാണെന്ന് വി ഡി സതീശൻ ഓർമിപ്പിച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തെ യോഗം പിന്തുണച്ചു.


