മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു
ഇന്ന് രാവിലെ 11.50 ഓടെയാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായ സുരേഷ് ഗോപിയെ മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. സുരേഷ് ഗോപി അന്വേഷണവുമായി സഹകരിച്ചെന്നും ആവശ്യമെങ്കിൽ ഇനിയും ഹാജരാകാൻ നോട്ടീസ് നൽകുമെന്നും പോലീസ് അറിയിച്ചു. വേണ്ടി വന്നാല്‍ ഹാജരാകുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.
രാവിലെ 11 മണിയോടെയാണ് സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനിൽ ഹാജരായത്. കെ സുരേന്ദ്രൻ, എം ടി രമേശ്, പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരോടൊപ്പം സുരേഷ് ഗോപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പദയാത്രയായി സ്റ്റേഷനിൽ എത്തിയിരുന്നു. സുരേഷ് ഗോപിയുടെ വാഹനം കോമ്പൗണ്ടിലേക്ക് കടത്തിവിടുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായെങ്കിലും പിന്നീട് പരിഹരിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് നടക്കാവ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. സ്റ്റേഷനു മുന്നിൽ വച്ച് പ്രവർത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. പുറത്തുള്ള പ്രവർത്തകർക്ക് നന്ദി പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.
സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ രാവിലെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇതിനുപിന്നാലെ 11ഓടെ നടക്കാവ് സ്റ്റേഷനിലേക്ക് പദയാത്ര ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തിയത്. ഇംഗ്ലീഷ് പള്ളി മുതല്‍ നടക്കാവ് സ്റ്റേഷന്‍ വരെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
പൊലീസ് സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് കൊണ്ട് സുരക്ഷയൊരുക്കിയിരുന്നു. പദയാത്ര നടക്കാവ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. ഇതിനുശേഷമാണ് സുരേഷ് ഗോപി വാഹനത്തില്‍ സ്റ്റേഷന് മുന്നിലെത്തിയത്. സുരേഷ് ഗോപിയെത്തിയപ്പോഴും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി സ്റ്റേഷനുള്ളിലേക്ക് പോവുകയായിരുന്നു.