രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യം പറയുന്നത്
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ റിമാൻഡ് തടവുകാരൻ രേഷ് ബാബു മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്ലേറ്റ്ലറ്റ് കുറഞ്ഞതിനെ തുടർന്ന് തലയിൽ രക്തസ്രാവം ഉണ്ടായതോടെ അവയങ്ങളുടെ പ്രവർത്തനം നിലച്ചുവെന്നും ശരീര ഭാഗത്തുള്ള മുറിവുകൾ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്നുണ്ടായ രക്തസ്രാവമാണെന്നും പരിശോധനയിൽ വ്യക്തമായി. അതേസമയം, പ്രതിക്ക് പ്ലേറ്റ്ലറ്റ് കുറഞ്ഞതിന്റെ കാരണം തേടി ആന്തരികാവയങ്ങൾ പത്തോളജി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ ഫലം പുറത്തുവന്നാൽ മരണകാരണത്തിൽ കൂടുതൽ വ്യക്തത കൈവരും.
രേഷ് ബാബുവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ആണ് മരിച്ചത്. മോഷണ കുറ്റത്തിനാണ് ഇയാളെ മേയ് 18ന് ഈസ്റ്റ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു. മേയ് 26 നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളായിട്ടും പൊലീസ് മറച്ചുവച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും പുറത്തായിട്ടുണ്ട്.


