സ്വർണക്കൊള്ളയിൽ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം. പത്മകുമാറിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചത്. പത്മകുമാർ നൽകിയ മൊഴിയും എസ്ഐടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ സത്യവാങ്മൂലം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എ ബദറുദ്ദിൻ വാദം കേൾക്കുക. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം. 

എ പത്മകുമാറിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചത്. പത്മകുമാർ നൽകിയ മൊഴിയും എസ്ഐടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ സത്യവാങ്മൂലം. നാഗ ഗോവർദ്ധനും പങ്കജ് ഭണ്ഡാരിക്കും ഒപ്പം തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചന നടത്തി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിനുള്ള തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചു എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. മറ്റൊരു പ്രതിയായ മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന കാലയളവിലാണ് ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോകാൻ തീരുമാനമാനിച്ചത്. എന്നാൽ പാളികൾ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാർ ആയിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. ശ്രീകുമാറിനും സ്വർണ്ണക്കൊള്ളയിൽ വ്യക്തമായ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുള്ള നിർദ്ദേശാനുസരണം പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് ശ്രീകുമാറിൻ്റെ ജാമ്യാപേക്ഷയിലെ വാദം. കേസിലെ പ്രതികളിൽ ആർക്കും ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.

YouTube video player