പൊലീസ് ഉദ്യോ​ഗസ്ഥൻ എന്ന പേരിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും യുവതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായ പരാതിയിൽ കൂടുതല്‍ ആരോപണങ്ങളുമായി ദിയയുടെ സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരികൾ. രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികൾ പറയുന്നു. ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പൊലീസ് ഉദ്യോ​ഗസ്ഥൻ എന്ന പേരിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും യുവതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലമാണെന്നും യുവതികൾ പറയുന്നു. ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും ഇവർ ആരോപിക്കുന്നു.

‘ജോലിക്ക് കയറിയിട്ട് ഒരു വർഷമായി. കസ്റ്റമേഴ്സിന്‍റെ പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് മേടിച്ചാൽ മതിയെന്ന് പറഞ്ഞിരുന്നു. നികുതിയുമായി ബന്ധപ്പെട്ട കാര്യമുള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത്. ദിയ ആണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം മതിയെന്ന് പറഞ്ഞത്. എന്തുപറഞ്ഞാലും അടിച്ചമർത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ കസ്റ്റമേഴ്സിൻ്റെ കയ്യിൽ നിന്ന് പണം വാങ്ങിയതിന്റെ സ്ക്രീൻഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ജീവനക്കാർ കാരണം 200 ഓർഡർ നഷ്ടമായെന്ന് ദിയ പറഞ്ഞു. ഇതിന് പകരം 5 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ജീവനക്കാരുടെ അഡ്രസ് ആണ് ഉപയോഗിച്ചത്. രണ്ടു വാഹനങ്ങളിലായി ഞങ്ങളെ തട്ടിക്കൊണ്ടു പോവുകയാണ് ചെയ്തത്.’ ജീവനക്കാരായ യുവതികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങളിങ്ങനെ. 

അതേ സമയം ജീവനക്കാരുടെ പരാതി വ്യാജമാണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കൃഷ്ണകുമാര്‍. പ്രതികരിച്ചു. മകളെ ഭീഷണിപ്പെടുത്തിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നും ദിയ പറഞ്ഞു.