തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണം പൂർണ്ണ പരാജയമാണെന്നും അഴിമതി നിറഞ്ഞതാണെന്നും കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ ആരോപിച്ചു. കൗൺസിലർ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തോടെ ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തും.

തിരുവനന്തപുരം: ബിജെപിയുടെ കോർപറേഷൻ ഭരണത്തിൽ തിരുവനന്തപുരത്തെ ജനങ്ങൾ പെരുവഴിയിലാണെന്ന് കോൺഗ്രസ് നേതാവും കൗണ്‍സിലറുമായ കെ എസ് ശബരിനാഥൻ. കൗൺസിലർ സുഗതൻ ജയിലിലാണ്. കൗൺസിലർ ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലാണ്. എന്തൊക്കെയാണ് ഈ കൊച്ചു തിരുവനന്തപുരത്ത് നടക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആർ ശ്രീലേഖ രാജിവെച്ചോ എന്ന് ബിജെപി പറയണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.

കോർപറേഷൻ ഭരിക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്നും ആഭ്യന്തര കലാപം ആണ് ഇതിന് കാരണമെന്നും ശബരിനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. മേയർ കെയർ അടക്കം പദ്ധതികൾക്ക് പിന്നിൽ വൻ അഴിമതിയാണ്. നിലപാട് എടുക്കേണ്ടത് ശ്രീലേഖയാണെന്നും അവർ കൗൺസിലർ സ്ഥാനത്ത് കംഫർട്ടബിൾ ആയിരുന്നില്ലെന്നും ശബരിനാഥൻ പറഞ്ഞു. ബിജെപിക്ക് ഒരു സംസ്ഥാന അധ്യക്ഷനുണ്ടോ എന്ന് ചോദിച്ച ശബരിനാഥൻ ജനം കാണുന്നത് ഞായറാഴ്ച ജിമ്മിൽ പോകുന്ന ഫോട്ടോ മാത്രമാണെന്നും പരിഹസിച്ചു.

നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ചതായി വാർഡ് ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു മുൻ ഡിജിപി ആർ ശ്രീലേഖ. ഔദ്യോഗികമായി രാജിക്കത്ത് അവർ നഗരസഭാ സെക്രട്ടറിക്ക് കൈമാറിയില്ല. എന്നാൽ, സ്ഥാനത്ത് തുടരാൻ അസൗകര്യമുണ്ടെന്ന് കാട്ടി മേയർ വിവി രാജേഷിന് മുപ്പതാം തീയതി കത്ത് നൽകി. ഇക്കാര്യം ഇന്ന് അവർ വാർഡ് ഗ്രൂപ്പിൽ പരസ്യമാക്കുക ആയിരുന്നു. ചട്ടപ്രകാരം രാജി നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്ക് ആണ്. രാജി കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി സ്ഥിരീകരിച്ചു.

2024 ൽ ബിജെപിയിൽ ചേർന്ന ശ്രീലേഖ ഏറെക്കാലമായി പല വിഷയങ്ങളിലും പാർട്ടിയുമായി അകൽച്ചയിൽ ആയിരുന്നു. ശാസ്തംമംഗലം വാർഡ് കൗൺസിലർ സ്ഥാനം ശ്രീലേഖ രാജി വെച്ചാൽ നഗരസഭാ ഭരണം പ്രതിസന്ധിയിൽ ആകും. നഗരസഭ സെക്രട്ടറിക്ക് കത്തു നൽകും മുൻപ് ശ്രീലേഖയെ അനുനയിപ്പിച്ച് ഒത്തുതീർപ്പിനാണ് ബിജെപി നീക്കം.തിങ്കളാഴ്ച്ച സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തും.