Asianet News MalayalamAsianet News Malayalam

ബഫർസോൺ ഇനിയെന്ത്? 18 ലെ സ്വാതന്ത്ര്യം, ബൈജൂസ് ഭീഷണി, ശ്രീനിവാസൻ കൊലക്കേസ്-എൻഐഎ, മെസിചിത്രം; ഇന്നത്തെ10 വാർത്ത

പ്രതിഷേധം തണുപ്പിക്കാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമായി ബഫർ സോൺ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. ഫീൽഡ് സര്‍വേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി

Today 20-12-2022 Top Malayalam News Headlines and Latest Malayalam News 
Author
First Published Dec 20, 2022, 7:00 PM IST

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിലെ ആശങ്കയും പ്രതിഷേധവും സമരവും, സാഹചര്യം തണുപ്പിക്കാനുള്ള സർക്കാർ നടപടികളും തന്നെയാണ് കേരളത്തിലെ ഇന്നത്തെയും പ്രധാനവാർത്ത. പ്രതിഷേധം തണുപ്പിക്കാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമായി ബഫർ സോൺ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. ഫീൽഡ് സര്‍വേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ബഫർ സോണിനെതിരെ തലസ്ഥാനത്തെ മലയോരമേഖലയിലടക്കം ഇന്ന് പ്രതിഷേധം ഉയർന്നിരുന്നു. 18 വയസിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതിനെതിരായ ആരോഗ്യ സർവകലാശാലയുടെ വിചിത്ര സത്യവാങ്മൂലം തുടങ്ങി നിരവധി വാർത്തകളാണ് ഇന്നുണ്ടായത്. ഇന്നത്തെ പ്രധാനപ്പെട്ട 10 വ‍ാർത്തകൾ ഒറ്റനോട്ടത്തിൽ ചുവടെ അറിയാം.

1 ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; വിദഗ്ധ സമിതി കാലാവധി നീട്ടും

ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബഫർ സോൺ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. ഫീൽഡ് സര്‍വേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ഫീൽഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതി തീരുമാനിക്കും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നൽകാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. അതേസമയം, ഫീൽഡ് സർവേ അതിവേഗം തുടങ്ങും. ഫീൽഡ് സർവേ എപ്പോൾ തുടങ്ങണം എന്നതിൽ ഉടൻ ചേരുന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കും. ഹെൽപ് ഡെസ്ക്ക് വിപുലമാക്കും. റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനും തീരുമാനിച്ചു.

2 'ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപോർട്ട് തള്ളണം, മാനുവൽ സർവ്വേ നടത്തണം'; പ്രതിഷേധം ശക്തം

ബഫർ സോണിനെതിരായ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നു. തലസ്ഥാനത്തെ മലയോരമേഖലയിലടക്കം ഇന്ന് പ്രതിഷേധം അരങ്ങേറി. അമ്പൂരിയിൽ ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സെന്‍റ്  ജോർജ് പള്ളിയിൽ നിന്ന് അമ്പൂരി ജങ്ഷൻ വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫാ.ജേക്കബ് ചീരംവേലിൽ നേതൃത്വം നല്‍കി. ഉപഗ്രഹ സർവ്വേ റിപോർട്ട് തള്ളണം. ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല. മാനുവൽ സർവ്വേ നടത്തണം. ആശങ്കകൾ പരിഹരിക്കും വരെ സമരം എന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

3 ബഫര്‍സോണില്‍ ജനവാസകേന്ദ്രങ്ങളെങ്ങനെ വന്നു? മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് രംഗത്തെത്തി.
1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?
2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആർക്ക് വേണ്ടി?
3.ഉപഗ്രഹ സർവെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ?
4.റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്
5.ഓഗസ്റ്റ് 29, ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോർട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്?
എന്നീ ചോദ്യങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ്, സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി വന്നാൾ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏൽക്കുമോയെന്നും ചോദിച്ചു.

4 പതിനെട്ട് വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തിൽ വിചിത്ര സത്യവാങ്മൂലവുമായി ആരോഗ്യ സർവകലാശാല

18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂവെന്നും ആരോഗ്യ സർവ്വകലാശാല. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആരോഗ്യ സർവ്വകലാശാല ഇത്തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്നും ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ അഭിപ്രായം അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിലാണ് ആരോഗ്യ സർവകലാശാലയുടെ കർശന നിലപാട്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹോസ്റ്റൽ നടത്തിപ്പ് ചുമതലയുള്ളവർക്ക് ബാധ്യതയുണ്ട്. ഹോസ്റ്റൽ വിദ്യാഭ്യാസ ആവശ്യത്തിനും രാത്രി താമസത്തിനുമുള്ളതാണ്. ഹോട്ടലുകളോ മറ്റ് താമസ സൗകര്യങ്ങളോ പോലെയല്ല ഹോസ്റ്റൽ എന്നും നൈറ്റ് ലൈഫ് അനുവദിക്കാനാകില്ലെന്നും ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

5 ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

പാലക്കാട് ആർഎസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസൻ ശ്രീനിവാനസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ എൻഐഐ പുതുക്കിയ എഫ്ഐആർ സമർപ്പിക്കും. കഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

6 പിഎഫ്ഐ രഹസ്യവിഭാഗം ഇതരമതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കി, ഐഎസ് ബന്ധത്തിന് തെളിവുണ്ടെന്നും എന്‍ഐഎ

ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് എൻഐഎ. സംസ്ഥാന വ്യാപകമായി റിപ്പോർട്ടർമാരുടെ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിംഗാണെന്നും എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി. പിഎഫ്ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൻ രേഖകളുടെ പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം തുടരുകയാണ്. പ്രതികളുടെ റിമാൻഡ് 180 ദിവസമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.14 പ്രതികളുടെ റിമാൻഡ് ആണ് കൊച്ചി എൻഐഎ കോടതി നീട്ടിയത്.

7 'കുട്ടികളേയും രക്ഷിതാക്കളേയും നിരന്തരം ഭീഷണിപ്പെടുത്തുന്നു'; ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ

എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഫോൺ നമ്പറുകൾ വാങ്ങി നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തുന്നു. ഭാവി നശിച്ചുപോകും എന്ന് ഭീഷണിപ്പെടുത്തിയാണ് ഫോണ്‍ വിളിക്കുന്നത്. വിദ്യാർത്ഥികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ദേശീയ ബാലവകാശ കമ്മീഷൻ പറഞ്ഞു.

8 ജോലി തട്ടിപ്പ് കേസ് : ടൈറ്റാനിയത്തിൽ വീണ്ടും പൊലീസ് പരിശോധന, ശശികുമാരൻ തമ്പിയടക്കം ഒളിവിൽ

ജോലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയം ഓഫീസിൽ ഇന്നും പൊലീസ് പരിശോധന. കേസിലെ മുഖ്യ പ്രതികളിലൊരാളായ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ മുറിയിലാണ് ഇന്നും പരിശോധന നടത്തുന്നത്.  വൈകീട്ട് മൂന്നുമണിയോടെയാണ് പൊലീസ് പരിശോധന തുടങ്ങിയത്. ഇന്നലെ ഇവിടെ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെത്തിയിരുന്നു. ഈ ഓഫീസ് മുറിയിൽ എത്തിച്ചാണ് ഉദ്യോഗാർത്ഥികളെ ശശികുമാരൻ തമ്പി ഇന്റർവ്യൂ ചെയ്തിരുന്നത്.  ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റകളും ഉദ്യോഗാർത്ഥികളുടെ പട്ടികയും ഇന്നലെ കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കൂടുതൽ പരിശോധനക്കായി അന്വേഷണ സംഘമെത്തിയത്. ശശികുമാരൻ തമ്പി അടക്കമുള്ള പ്രതികൾ ഒളിവിലാണ്.

9 പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഖര്‍ഗെ, മാപ്പ് പറയണമെന്ന് ഭരണപക്ഷം, പ്രക്ഷുബ്ധമായി രാജ്യസഭ

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖർഗെയുടെ വിവാദ പരാമർശത്തില്‍ രാജ്യസഭ പ്രക്ഷുബ്ധമായി. രാജ്യത്തിന് വേണ്ടി ബി ജെ പി ക്കാരുടെ വീട്ടില്‍ നിന്ന് ഒരു നായയെങ്കിലും മരിച്ചിട്ടുണ്ടോയെന്ന പരാമ‍ർശത്തില്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, പുറത്ത് നടത്തിയ പ്രസ്താവനയിൽ  സഭയിൽ ചർച്ച വേണ്ടെന്നും ഖ‌ർഗെ വ്യക്തമാക്കി. രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയില്‍ മല്ലികാർജ്ജുൻ ഖർഗെ നടത്തിയ ഈ പരാമർശമാണ് ബി ജെ പി ആയുധമാക്കിയത്. രാജ്യസഭ തുടങ്ങിയപ്പോള്‍ തന്നെ ഖർഗെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി എം പിമാർ ബഹളം വെച്ചു. പ്രതിപക്ഷവും തിരിച്ചടിച്ചതോടെ സഭ പ്രക്ഷുബ്ദമായി. ദേശീയ പാർട്ടിയുടെ അധ്യക്ഷന് സംസാരിക്കാൻ പോലും അറിയില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മ ഗാന്ധി പറഞ്ഞത് എന്തുകൊണ്ടാണെന്നതിന്‍റെ തെളിവാണിതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

10 ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്ന് കേട്ടിട്ടല്ലേ ഉള്ളു, ഇതാ കണ്ടോ എന്ന് മെസി! പുത്തൻ ചിത്രങ്ങൾ വൈറൽ

ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്‍റീന നായകൻ ലയണൽ മെസി എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു കിരീട നേട്ടത്തിന് ശേഷമുള്ള ആഘോഷ പ്രകടനം. 2014 ൽ കയ്യെത്തും ദൂരെ നഷ്ടമായ ലോകകിരീടത്തിന് മുന്നിൽ തൊടാനാഗ്രഹിച്ച് നിൽക്കുന്ന മെസി, എട്ട് വർഷത്തിനിപ്പുറം ആ കനക കിരീടം സ്വന്തമാക്കിയ ശേഷം താഴെ വച്ചിട്ടില്ല എന്ന് സാരം. കിരീട നേട്ടത്തിന്‍റെ മൂന്നാം നാൾ സ്വന്തം കിടക്കയിൽ ഉറങ്ങുമ്പോളും ഉണ്ണുമ്പോഴും പോലും കിരീടം ഒപ്പം വച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളാണ് താരം തന്നെ ഇപ്പോൾ പങ്കുവച്ചത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ അഭിനന്ദ കമന്റുകൾ നിറയുകയാണ്. കാത്തിരുന്ന് കിട്ടിയ സുവർണ കിരീടം താഴെ വയ്ക്കാൻ പോലും മനസ് വരുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Follow Us:
Download App:
  • android
  • ios