Asianet News MalayalamAsianet News Malayalam

കൈപൊള്ളിയപ്പോൾ ഇന്ധന സെസ് കുറയ്ക്കുമോ? കൂടത്തായിയിൽ വഴിത്തിരിവ്, മുഷറഫ് അന്തരിച്ചു; 10 വാർത്ത

ഇന്നത്തെ പ്രധാന 10 വാർത്തകൾ അറിയാം....

today top 10 news 05-02-2023
Author
First Published Feb 5, 2023, 6:07 PM IST

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറച്ചേക്കുമെന്നുള്ളത് ഇന്ന് കേരളത്തിൽ ചർച്ചയായ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ഒപ്പം വാണി ജയറാമിന് നാട് കണ്ണീരോടെ വിട നൽകി. ഇതിനിടെ പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ച വാർത്തയും പുറത്ത് വന്നു. ബിജെപിക്കും കോൺ​ഗ്രസിനും സിപിഎമ്മിനും നിർണായകമായ ത്രിപുര തെരഞ്ഞെടുപ്പും കേരളം ചർച്ച ചെയ്യുന്നുണ്ട്. കൂടത്തായി കൊലപാതക പരമ്പര കേസിൽ വഴിത്തിരിവും അദാനി വിവാദത്തില്‍ മോദിയുടെ മൗനത്തിനെതിരെ കോൺഗ്രസ് ചോദ്യ പരമ്പരയും കേരളത്തിൽ ചർച്ചയായി. ഇന്നത്തെ പ്രധാന 10 വാർത്തകൾ അറിയാം....

വാണി ജയറാമിന് സംഗീത ലോകത്തിന്‍റെ യാത്രാമൊഴി

അന്തരിച്ച ഗായിക വാണി ജയറാമിന് സംഗീത ലോകത്തിന്‍റെ യാത്രാമൊഴി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പടെ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ഇന്നലെ രാത്രി എഴുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടിൽ വെച്ച മൃതദ്ദേഹത്തിൽ നിരവധിപേർ ആദരം അർപ്പിച്ചു.

പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മുഷറഫ്.

ഇന്ധന സെസ് ഒരു രൂപയായി കുറച്ചേക്കും

ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കുന്നതിൽ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച് കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് രൂപം നൽകാനും എൽഡിഎഫ് ആലോചിക്കുന്നു. 

കൂടത്തായി കേസ് : നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല

പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസിൽ വഴിത്തിരിവ്.  പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. 

അദാനി വിവാദത്തില്‍ മോദിയുടെ മൗനത്തിനെതിരെ കോൺഗ്രസ്

അദാനി വിവാദത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസിൻ്റെ ചോദ്യപരമ്പരക്ക് തുടക്കമായി. ആദ്യ ദിനം മൂന്ന് ചോദ്യങ്ങളാണ് ഉന്നയിച്ചത്.

അനധികൃത ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക്

അനധികൃത ചൈനീസ് ആപ്പുകൾക്ക് എതിരെ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.

'എന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും', ബിബിസി വിവാദത്തിൽ അനിൽ ആന്റണി

ബിബിസി ഡോക്യുമെൻറി വിവാദത്തിൽ നിലപാടിലുറച്ച് അനിൽ ആന്റണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനിൽ ആൻറണി തുറന്നടിച്ചു.

അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവം, തദ്ദേശമന്ത്രി റിപ്പോര്‍ട്ട് തേടി

മലപ്പുറത്ത് അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തില്‍ തദ്ദേശമന്ത്രി റിപ്പോര്‍ട്ട് തേടി. ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ത്രിപുരയിൽ ഭരണം നിലനിർത്താൻ ബിജെപി: തിരിച്ചു വരവിന് സിപിഎമ്മും കോൺ​​ഗ്രസും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെ  പ്രചാരണത്തിന് ഇറക്കി ത്രിപുരയിൽ ഭരണം നിലനിർത്താൻ ബിജെപി . നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും. സിപിഎം, കോൺഗ്രസ് പാർട്ടികൾ ധാരണയിൽ മത്സരിക്കുന്ന ത്രിപുരയിലെ  പ്രചാരണത്തിന് രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവരും സംസ്ഥാനത്തെത്തും.

കോഴിക്കോട് വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം

കോഴിക്കോട് മടവൂരിൽ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് യാത്രക്കാരെ ബലം  പ്രയോഗിച്ച് ഓട്ടോ ഡ്രൈവർമാർ ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി.  ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.  കൊടുവളളിയിൽ നിന്ന് മഖാമിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിന് നേരെയാണ് അതിക്രമം ഉണ്ടായത്. 

Follow Us:
Download App:
  • android
  • ios