'നമ്മുടെ നാട് നന്നാക്കണം രാജീവ്, അതിനായി അവിടെ പോകണം. അതൊരു വലിയ ചുമതലയാണ്, അതുകൊണ്ടുതന്നെ അധ്വാനിക്കണം. കുറച്ചു നാളായി നമ്മുടെ നാട്ടിൽ ഒന്നും നടക്കുന്നില്ല, അവിടെ ഒരു മാറ്റം കൊണ്ടുവരണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു'

ആറ്റിങ്ങൽ: കേരളത്തിനായി പ്രവർത്തിക്കുന്നത് അച്ഛന് കൊടുത്ത വാക്ക് ആണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. പിതാവ് എം കെ ചന്ദ്രശേഖരന്റെ വിയോഗശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തി പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ സംസാരിക്കവേയാണ് രാജീവ്‌ ചന്ദ്രശേഖർ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ചത്. "മൂന്നു ദിവസം മുൻപാണ് എന്റെ അച്ഛൻ മരിച്ചത്. മാർച്ച് 26 ന് ഞാൻ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായ സമയത്ത് അച്ഛൻ എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്. ആ വാക്കാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നമ്മുടെ നാട് നന്നാക്കണം രാജീവ്, അതിനായി അവിടെ പോകണം. അതൊരു വലിയ ചുമതലയാണ്, അതുകൊണ്ടുതന്നെ അധ്വാനിക്കണം. കുറച്ചു നാളായി നമ്മുടെ നാട്ടിൽ ഒന്നും നടക്കുന്നില്ല, അവിടെ ഒരു മാറ്റം കൊണ്ടുവരണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന് ഞാൻ വാക്ക് കൊടുത്തിരുന്നു. ആ വാക്കാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാനായി എന്നെ ഇവിടെ എത്തിച്ചത്" - മുദാക്കൽ പഞ്ചായത്തിൽ ആശാ വർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കിറ്റുകൾ വിതരണവും ചെയ്തു കൊണ്ട് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

ഓണക്കാലമാണ് മലയാളിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസം, നമ്മുടെ സംസ്കാരവും പാരമ്പര്യവും എല്ലാം ഓർമ്മിക്കുന്ന ദിവസം. ബി ജെ പിയെ സംബന്ധിച്ച് പാർട്ടിയുടെ ആശയവും മുൻപുണ്ടായിരുന്ന നേതാക്കളും നരേന്ദ്ര മോദിയും ഒക്കെ നമ്മളെ പഠിപ്പിക്കുന്നത്, ഇത് ജനങ്ങളെ സേവിക്കാനുള്ള അവസരം കൂടിയാണ്. എല്ലാ സമയത്തും എല്ലാവരുടെയും ഒപ്പം, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി ജെ പി. ഓണക്കാലമായതിനാൽ കൂടുതൽ രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്നില്ല. ഓണം ആഘോഷിക്കുമ്പോൾ ഒന്നോർക്കണം, ഈ നാട് മാറിമാറി ഭരിച്ച മുന്നണികൾ, അവരുടെ പവർ പൊളിറ്റിക്സിന്റെ ഭാഗമായി ഇപ്പോൾ പാലക്കാട് നടക്കുന്നതും, ശബരിമലയുടെ പേരിൽ നടത്താൻ ശ്രമിക്കുന്നതും എല്ലാം സ്വാർത്ഥ താൽപര്യങ്ങളും മുതലെടുപ്പും ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണ്. ഇതിൽ നിന്ന് വ്യത്യസ്തമാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ജനങ്ങൾക്കുവേണ്ടി 365 ദിവസവും 24 മണിക്കൂറും ബി ജെ പി ഉണ്ടാകും. കൂടെ ഉണ്ടാകും എന്ന് പറഞ്ഞ് ഞങ്ങൾ എല്ലാവർക്കും ഒപ്പം ഉണ്ടാകും. സ്നേഹ സംഗമം മുദാക്കൽ പഞ്ചായത്തിൽ നടക്കുന്നതിനും ഏറെ പ്രത്യേകതയുണ്ട്. ഏറ്റവും കൂടുതൽ വോട്ട് ചേർക്കപ്പെട്ട ഒരു പഞ്ചായത്ത് ആണിത്. ഇവിടെ വികസിത മുദാക്കൽ പഞ്ചായത്ത് നമ്മൾ സൃഷ്ടിക്കും. ബി ജെ പി അധികാരത്തിലെത്തിയാൽ ഇവിടെ സമഗ്ര മാറ്റം ഉണ്ടാകും. ജനങ്ങൾ തെരഞ്ഞെടുത്ത മെമ്പർമാർ നിങ്ങൾക്കുവേണ്ടി പണിയെടുക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അതാണ് ബി ജെ പിയുടെ രാഷ്ട്രീയം. ബി ജെ പി ജനങ്ങളെ ഭിന്നിപ്പിക്കില്ല, വിഡ്ഢികളാക്കില്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ഓണക്കാലം ആഘോഷിക്കുമ്പോൾ സഹായം വേണ്ടവർക്ക് സഹായം എത്തിക്കാൻ കൂടി ശ്രമിക്കണം. വ്യക്തിപരമായി അതിന് കഴിയുന്നില്ലെങ്കിൽ, സംഘടനാപരമായി ബി ജെ പി ആ സഹായങ്ങൾ എത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വിവരിച്ചു.