എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിക്കുമ്പോൾ ശരിയായ രീതിയിൽ ഉപകരണം പ്രവർത്തിക്കണമെന്നില്ല. ശരിയായ രീതിയിൽ വോൾട്ടേജ് ലഭിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഒട്ടുമിക്ക അടുക്കളയിലും സ്ഥലം കുറവായിരിക്കും. പലതരം ഉപകരണങ്ങൾ ഉണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്ലഗ് പോയിന്റുകൾ അടുക്കളയിൽ ഉണ്ടാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിലാണ് എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും സുരക്ഷിതമല്ല. പലരും അടുക്കള ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

അമിതമായ ഊർജ്ജം

ഇലക്ട്രിക് കെറ്റിൽ, ടോസ്സ്റ്റേഴ്‌സ്, ബ്ലെൻഡേഴ്സ് എന്നിവ കാഴ്ച്ചയിൽ ചെറുതായി തോന്നിയേക്കാം. എന്നാൽ ഇത്തരം ഉപകരണങ്ങൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. അമിത വാട്ടേജുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഉള്ളതല്ല എക്സ്റ്റൻഷൻ ബോർഡ്.

അമിതമായി ചൂടാകുന്നു

അടുക്കള ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നം അമിതമായി ചൂടാവുക എന്നതാണ്. ഗുണമേന്മ ഇല്ലാത്ത വില കുറഞ്ഞ എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കരുത്. ഇതിന്റെ ഇൻസുലേഷൻ അല്ലെങ്കിൽ വയറിന്റെ പ്രവർത്തനക്ഷമത എത്രത്തോളമുണ്ടെന്ന് വിലയിരുത്താൻ സാധിക്കുകയില്ല. വയർ ചൂടാകാനും, ഉരുകി പോകാനും ഇത് കാരണമാകുന്നു. ഇത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം.

ഒന്നിലധികം ഉപകരണങ്ങൾ

എക്സ്റ്റൻഷൻ ബോർഡിൽ ഒരേ സമയം ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നവരുണ്ട്. ഓരോ ഉപകരണത്തിനും വ്യത്യസ്തമായ ഊർജ്ജമാണ് ആവശ്യം. അമിതമായി പ്രവർത്തിക്കേണ്ടി വരുമ്പോൾ സർക്യൂട്ട് ട്രിപ്പ് ആകാനും ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കാനും കാരണമാകുന്നു. അതിനാൽ തന്നെ ഒരേ സമയം ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക.

ഉപകരണം പ്രവർത്തിപ്പിക്കുമ്പോൾ

എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിക്കുമ്പോൾ ശരിയായ രീതിയിൽ ഉപകരണം പ്രവർത്തിക്കണമെന്നില്ല. ശരിയായ രീതിയിൽ വോൾട്ടേജ് ലഭിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിപ്പിക്കുമ്പോൾ ഉപകരണങ്ങൾക്ക് തകരാറുകൾ സംഭവിക്കാനും സാധ്യത കൂടുതലാണ്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാം

കൂടുതൽ ഊർജ്ജം ആവശ്യം വരുന്ന ഉപകരണങ്ങൾ നേരിട്ട് സോക്കറ്റിൽ പ്രവർത്തിപ്പിക്കുന്നതാണ് നല്ലത്. ഇത് ഉപകരണത്തിന്റെ സുരക്ഷിതത്വം വർധിപ്പിക്കാനും കൃത്യമായി പ്രവർത്തിക്കാനും സഹായിക്കുന്നു. ഒട്ടുമിക്ക ഉപകരണ മാനുവലുകളിലും എക്സ്റ്റൻഷനുകൾ ഉപയോഗിക്കുന്നതിനെതിരെ വ്യക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പവർ കണക്ഷനുകളുടെ അപാകത മൂലമാണ് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതെങ്കിൽ ചില ബ്രാൻഡുകൾ വാറന്റി റദ്ദാക്കുകയും ചെയ്യാറുണ്ട്.