അടുക്കള ഉപകരണങ്ങളിൽ ഇത്തരം ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കിയാൽ ഇത് ഭക്ഷണങ്ങളിലും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്.

അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വൃത്തിയാക്കാൻ പലതരം ക്ലീനറുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അടുക്കള ഉപകരണങ്ങളിൽ ഇത്തരം ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കിയാൽ ഇത് ഭക്ഷണങ്ങളിലും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉപകരണങ്ങൾ വൃത്തിയാക്കാന്നതാണ് കൂടുതൽ നല്ലത്. നാരങ്ങ ഉപയോഗിച്ച് മൈക്രോവേവ് വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം. 

1. നാരങ്ങയിൽ അടങ്ങിയിട്ടുള്ള അസിഡിറ്റിയും ഗന്ധവും മൈക്രോവേവിനെ നന്നായി വൃത്തിയാക്കി സുഗന്ധമുള്ളതാക്കുന്നു. 

2. മൈക്രോവേവ് സേഫ് ബൗളിൽ ഒരു കപ്പ് വെള്ളം എടുക്കുക. രണ്ടായി മുറിച്ച നാരങ്ങ നന്നായി വെള്ളത്തിൽ പിഴിഞ്ഞൊഴിക്കാം. ശേഷം തോടും വെള്ളത്തിലിടണം. 

3. മൈക്രോവേവിനുള്ളിൽ വെച്ചതിന് ശേഷം വെള്ളം തിളക്കുന്നത് വരെ ചൂടാക്കണം. കുറഞ്ഞത് മൂന്ന് മിനിറ്റ് ചൂടാക്കിയതിന് ശേഷം മൈക്രോവേവിന്റെ ഡോർ അടച്ചു തന്നെ സൂക്ഷിക്കാം. ഇത് അകത്ത് കറകൾ പറ്റിയിരിക്കുന്നത് നീക്കം ചെയ്യാനും ദുർഗന്ധം അകറ്റാനും സഹായിക്കുന്നു. 

4. മൈക്രോവേവിൽ നിന്നും ബൗൾ പുറത്തേക്ക് എടുക്കാം. ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് അകം മുഴുവനും നന്നായി തുടച്ചെടുക്കണം. ഇതിനുള്ളിൽ തങ്ങി നിൽക്കുന്ന ആവി അഴുക്കിനെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു. 

5. ഉപയോഗം കഴിഞ്ഞാലുടൻ മൈക്രോവേവ് വൃത്തിയാക്കാൻ മറക്കരുത്. ആഴ്ചയിൽ ഒരിക്കൽ നന്നായി വൃത്തിയാക്കാനും മറക്കരുത്. ഇല്ലെങ്കിൽ അഴുക്കുകൾ അടിഞ്ഞുകൂടുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. 

6. ബേക്കിംഗ് സോഡ ഉപയോഗിച്ചും മൈക്രോവേവ് നന്നായി വൃത്തിയാക്കാൻ സാധിക്കും. ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം കറയുള്ള ഭാഗത്ത് ഇത് നന്നായി തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകാം. മൈക്രോവേവിലെ അഴുക്കുകൾ എളുപ്പത്തിൽ ഇല്ലാതാകുന്നു.