ദിവസം പോകുംതോറും സ്റ്റിക്കർ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാകുന്നു. ചിലപ്പോൾ സ്റ്റിക്കറിന്റെ ഒട്ടിപിടിക്കുന്ന പശ പാത്രങ്ങളെ വൃത്തികേടാക്കുകയും ചെയ്യാറുണ്ട്.
അടുക്കളയിൽ പാത്രങ്ങൾ എത്രവാങ്ങിയാലും നമുക്ക് മതിയാവുകയില്ല. ഗ്ലാസ് പാത്രങ്ങൾ, പ്ലാസ്റ്റിക്, ടിഫിൻ ബോക്സ് തുടങ്ങി പലതരം പാത്രങ്ങൾ നമ്മൾ വാങ്ങാറുണ്ട്. പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ അതിനൊപ്പം പ്രൈസ് ടാഗും ഉണ്ടാകും. ചിലർ അത് മാറ്റാതെ തന്നെ ഉപയോഗിക്കാൻ തുടങ്ങും. എന്നാൽ മറ്റുചിലർക്ക് അങ്ങനെ ഉപയോഗിക്കുന്നത് ഇഷ്ടമല്ല. ദിവസം പോകുംതോറും സ്റ്റിക്കർ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാകുന്നു. ചിലപ്പോൾ സ്റ്റിക്കറിന്റെ ഒട്ടിപിടിക്കുന്ന പശ പാത്രങ്ങളെ വൃത്തികേടാക്കുകയും ചെയ്യാറുണ്ട്. ഇത് നീക്കം ചെയ്യാൻ എളുപ്പമാണ്. ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ.
എണ്ണ ഉപയോഗിക്കാം
വെളിച്ചെണ്ണ, കടുക് എണ്ണ, ബേബി ഓയിൽ എന്നിവ ഉപയോഗിച്ച് പുതിയ പാത്രങ്ങളിലെ സ്റ്റിക്കർ നീക്കം ചെയ്യാൻ സാധിക്കും. കുറച്ച് പഞ്ഞിയെടുത്ത് അതിൽ എണ്ണ മുക്കി സ്റ്റിക്കറിൽ തേച്ചുപിടിപ്പിക്കാം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി. സ്റ്റീൽ, പ്ലാസ്റ്റിക്, ഗ്ലാസ് പാത്രങ്ങളിൽ ഇങ്ങനെ ചെയ്യാവുന്നതാണ്.
ബേക്കിംഗ് സോഡയും എണ്ണയും
ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും അതിലേക്ക് രണ്ട് തുള്ളി വെളിച്ചെണ്ണയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം സ്റ്റിക്കറുള്ള ഭാഗത്ത് ഇത് തേച്ചുപിടിപ്പിക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം മൃദുലമായ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ സ്റ്റിക്കർ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. സ്റ്റിക്കറിന്റെ പാടുകൾ അവശേഷിക്കാത്ത വിധത്തിൽ ബേക്കിംഗ് സോഡാ ഉപയോഗിച്ച് വൃത്തിയാക്കാം.
നാരങ്ങയും ഉപ്പും
നാരങ്ങ നീരിൽ ഉപ്പ് കലർത്തിയതിന് ശേഷം സ്റ്റിക്കറുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കണം. ഇത് സ്റ്റിക്കറിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. സ്റ്റീൽ, ഗ്ലാസ് പാത്രങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.


