അടുക്കളയിലും ബാത്റൂമിലും മാത്രമല്ല നമ്മൾ ദിവസവും ഉപയോഗിക്കുന്ന വസ്തുക്കളിലും ധാരാളം അണുക്കളുണ്ട്. വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് ഇവയിലാണ്.

വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് ടോയ്‌ലറ്റിലാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ ശരിക്കും അതങ്ങനെയല്ല. നമ്മൾ ദിവസവും വീടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ധാരാളം അണുക്കൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അവ എന്തൊക്കെയാണെന്ന് അറിയാം.

Add Asianetnews as a Preferred SourcegooglePreferred

ടി.വി റിമോട്ട്

ദിവസവും പലതവണകളിലായി മാറിമാറി ഉപയോഗിക്കുന്ന ഒന്നാണ് ടിവിയുടെ റിമോട്ട്. അതിനാൽ തന്നെ ഇതിൽ ധാരാളം അണുക്കളും ഉണ്ടാവുന്നു. ഇടയ്ക്കിടെ ഇത് വൃത്തിയാക്കി അണുവിമുക്തമാക്കുന്നത് നല്ലതായിരിക്കും. ഇല്ലെങ്കിൽ ഇതിലെ അണുക്കൾ മറ്റു വസ്തുക്കളിലും എളുപ്പം പടരും. അതേസമയം കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന റിമോട്ട് കവർ ഉപയോഗിക്കുന്നതാണ് നല്ലത്.

കട്ടിങ് ബോർഡ്

പച്ചക്കറിയും മത്സ്യവും മാംസവുമൊക്കെ മുറിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കട്ടിങ് ബോർഡ്. ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കുമ്പോൾ കട്ടിങ് ബോർഡിൽ അണുക്കൾ ഉണ്ടാവുന്നു. അതിനാൽ തന്നെ ഉപയോഗം കഴിയുന്നതിന് അനുസരിച്ച് കട്ടിങ് ബോർഡ് കഴുകി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

മൊബൈൽ ഫോൺ

പോകുന്ന സ്ഥലങ്ങളിലൊക്കെ മൊബൈൽ ഫോണും കൊണ്ട് നടക്കുന്നവരാണ് നമ്മൾ. അതിനാൽ തന്നെ ഇതിൽ ധാരാളം അണുക്കളും ഉണ്ടാകുന്നു. വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മൊബൈൽ ഫോൺ. സ്വയം വൃത്തിയാകുന്നതുപോലെ തന്നെ മൊബൈൽ ഫോണും ഇടയ്ക്കിടെ വൃത്തിയാക്കി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.

തലയിണ കവർ

തലയിണയിൽ വിയർപ്പും എണ്ണമയവും അണുക്കളും ധാരാളം ഉണ്ടാകുന്നു. ദിവസവും ഇത് അടിഞ്ഞുകൂടുകയും ദുർഗന്ധം ഉണ്ടാവാനും അണുക്കൾ പടരാനും കാരണമാകുന്നു. അതിനാൽ തന്നെ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും തലയിണ കവർ കഴുകി വൃത്തിയാക്കാൻ മറക്കരുത്.

അടുക്കള സ്പോഞ്ച്

പാത്രങ്ങൾ എളുപ്പത്തിൽ കഴുകി വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് സ്പോഞ്ച്. എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുമ്പോൾ അണുക്കൾ ഉണ്ടാവുകയും ഇത് പാത്രങ്ങളിൽ പടരുകയും ചെയ്യുന്നു. ഒരു സ്പോഞ്ച് തന്നെ ദീർഘകാലം ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. മൂന്ന് ആഴ്ച്ച കൂടുമ്പോൾ പഴയത് മാറ്റി പുതിയത് വാങ്ങണം.