കോളിഫ്ലവർ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ പാകം ചെയ്യുന്നതിന് മുമ്പ് ശരിയായ രീതിയിൽ ഇത് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.  

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത പച്ചക്കറിയാണ് കോളിഫ്ലവർ. പുറത്ത് നിന്നും നോക്കുമ്പോൾ വൃത്തിയായി തോന്നുമെങ്കിലും ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവുന്നു. കണ്ണിൽ പെട്ടെന്ന് കാണാത്ത വിധത്തിൽ കീടങ്ങളും ഇതിൽ ഒളിഞ്ഞിരിപ്പുണ്ടാവും. അതിനാൽ തന്നെ പാകം ചെയ്യുന്നതിന് മുന്നേ കോളിഫ്ലവർ നല്ല രീതിയിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

1.കഷ്ണങ്ങളാക്കി മുറിക്കാം

പുറം ഭാഗത്തെ ഇലകൾ നീക്കം ചെയ്തതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി കോളിഫ്ലവർ മുറിച്ചെടുക്കണം. എന്നാൽ തീരെ ചെറുതാകാനും പാടില്ല. ഇത് വൃത്തിയാക്കൽ ജോലി എളുപ്പമാക്കുന്നു.

2. വൃത്തിയാക്കാം

ഒരു പാത്രത്തിൽ ചെറുചൂട് വെള്ളം എടുക്കണം. അതിലേക്ക് ഉപ്പ്, മഞ്ഞൾ എന്നിവ ചേർക്കാം. ആവശ്യമെങ്കിൽ ഇതിലേക്ക് കുറച്ച് വിനാഗിരികൂടെ ഒഴിക്കാവുന്നതാണ്. ശേഷം മുറിച്ചുവെച്ച കോളിഫ്ലവർ വെള്ളത്തിൽ മുക്കിവെയ്ക്കണം.

3. മുക്കിവയ്ക്കണം

20 മിനിട്ടോളം കോളിഫ്ലവർ വെള്ളത്തിൽ തന്നെ മുക്കിവയ്ക്കാം. ഇത് അഴുക്കിനെയും അണുക്കളേയും എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു. കുറച്ച് നേരം അങ്ങനെ തന്നെ വെയ്ക്കുമ്പോൾ കോളിഫ്ലവർ പൂർണമായും വൃത്തിയാകും.

4. കഴുകിയെടുക്കാം

ശുദ്ധമായ ഒഴുകുന്ന വെള്ളത്തിൽ കോളിഫ്ലവർ കഴുകിയെടുക്കണം. ഇത് കോളിഫ്ലവറിൽ അവശേഷിക്കുന്ന അഴുക്കിനെ ഇല്ലാതാക്കുന്നു.

5. ഉണക്കാം

അടുക്കള ടവൽ ഉപയോഗിച്ച് കോളിഫ്ലവർ നന്നായി തുടച്ചെടുക്കണം. അതേസമയം ഉണങ്ങിയതിന് ശേഷം മാത്രമേ കോളിഫ്ലവർ പാകം ചെയ്യാൻ പാടുള്ളൂ.