കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ ശ്രദ്ധിക്കുകയും അനുമോദിക്കുകയും വേണം. നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുമ്പോൾ മാത്രം അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കുക. ബഹളം വെച്ചും ഭീഷണിപ്പെടുത്തിയും ആവശ്യങ്ങൾ സാധിക്കാൻ അനുവദിക്കരുത്.  

മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുക, മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുക, കെയർ കിട്ടുക എന്നിവ മിക്ക ആളുകളും ആഗ്രഹിക്കുന്നു. എന്നാൽ ഇത് വളരെ അമിതമാകുന്ന അവസ്ഥയാണ് അറ്റെൻഷൻ സീക്കിങ് ബിഹേവിയർ എന്ന് പറയുന്നത്. ഇത് കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന അവസ്ഥയാണ്.

ചെറിയ പ്രായത്തിൽ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും ശ്രദ്ധ കിട്ടണം എന്ന് കുട്ടികൾ ആഗ്രഹിക്കുന്നത് നോർമൽ ആണ്. പക്ഷേ അത് അമിതമാകുന്നതും, ചെറിയ പ്രായത്തിൽ അതു കിട്ടാതെ വരുമ്പോൾ മുതിർന്ന ശേഷവും അതിനായി അമിതമായി ശ്രമിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കും. വിവാഹത്തെയും, സൗഹൃദത്തേയും, ജോലിയെയും ഒക്കെ അത് ബാധിക്കുന്ന അവസ്ഥ വരും.

കാരണങ്ങളും ലക്ഷണങ്ങളും

● ചെറിയ പ്രായം മുതലേ സ്നേഹവും അംഗീകാരവും കിട്ടാതെ വരിക

● ആത്മവിശ്വാസം ഇല്ലാതിരിക്കുക

● മറ്റുള്ളവർ എന്നെ അംഗീകരിച്ചാൽ മാത്രമേ ജീവിതത്തതിന് അർത്ഥമുണ്ടാകൂ എന്ന ചിന്ത

● സ്വയം അംഗീകരിക്കാതെ ഇരിക്കുക

● ബന്ധങ്ങളിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുക

● ശ്രദ്ധ കിട്ടിയില്ലെങ്കിൽ അത് സഹിക്കാനാവാതെ വരും

● വ്യക്തിത്വ പ്രശ്ങ്ങളായ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, ഹിസ്ട്രിയോണിക് പേഴ്സണാലിറ്റി ഡിസോർഡർ എന്നിവ ഉണ്ടാവുക

കുട്ടികളിലെ ലക്ഷണങ്ങൾ

അമിതമായി കരഞ്ഞു ബഹളം വയ്ക്കുക, മറ്റുള്ളവർ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കുക, കള്ളം പറയുക, അസുഖം ഉള്ളതായി അഭിനയിക്കുക എന്നിവ.

മുതിർന്നവരിൽ ലക്ഷണങ്ങൾ

കള്ളങ്ങൾ പറഞ്ഞു കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുക, നടന്നിട്ടില്ലാത്ത കാര്യങ്ങൾ നടന്നു എന്ന് പറഞ്ഞു മറ്റുള്ളവരുടെ ശ്രദ്ധയും സിമ്പതിയും നേടുക, മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അധികാരം കാണിക്കുന്നപോലെയുള്ള രീതി, നാടകീയമായ പെരുമാറ്റം, സോഷ്യൽ മീഡിയയിൽ അമിതമായി ശ്രദ്ധ കിട്ടുന്ന പോലെ പോസ്റ്റ് ചെയ്യുക. 

പുറമെ വളരെ ആത്മവിശ്വാസം ഉള്ളവരായി തോന്നിയാലും ഉള്ളിന്റെയുള്ളിൽ അങ്ങനെ അല്ല എന്നും എല്ലാവരുടെയും ശ്രദ്ധ കിട്ടിയാലേ ഞാൻ ഒരു വിലയുള്ള യുക്തിയാകൂ എന്ന ചിന്തയുമായിരിക്കും. എനിക്ക് ശ്രദ്ധ കിട്ടിയേ മതിയാകൂ എന്ന വാശിയോടെ പെരുമാറുക. ശ്രദ്ധ കിട്ടാൻ ചെയ്യുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി തീരുന്ന അവസ്ഥ.

എങ്ങനെ പരിഹരിക്കാം

കുട്ടികളിൽ

കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ ശ്രദ്ധിക്കുകയും അനുമോദിക്കുകയും വേണം. നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുമ്പോൾ മാത്രം അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കുക. ബഹളം വെച്ചും ഭീഷണിപ്പെടുത്തിയും ആവശ്യങ്ങൾ സാധിക്കാൻ അനുവദിക്കരുത്. പല തവണ അനാവശ്യ വാശികൾക്ക് ശ്രദ്ധ കിട്ടാതെ വരുമ്പോൾ പതുക്കെ അതിൽ മാറ്റം വരും.

മുതിർന്നവരിൽ

ആത്മവിശ്വാസം ഉയർത്താൻ എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്വന്തം നന്മകളെയും കഴിവുകളെയും സ്വയം അംഗീകരിക്കാൻ തുടങ്ങണം. നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. സത്യം പറയാനും, മറ്റുള്ളവർ പറയുന്നത് ശ്രദ്ധച്ചു കേൾക്കാനുള്ള ക്ഷമയും ശീലിക്കണം. പല കാരണങ്ങളാൽ ചെറിയ പ്രായം മുതലേ ആഗ്രഹിച്ച അംഗീകാരവും സ്നേഹവും മറ്റുള്ളവരിൽനിന്നും കിട്ടാതെപോയി. അത് സ്വന്തം തെറ്റല്ല എന്നു പൂർണ്ണമായി അംഗീകരിക്കുക. കഴിഞ്ഞ കാര്യങ്ങളിലേക്ക് ചിന്തകൾ കൊണ്ടുപോകാതെ ഈ നിമിഷം എന്ത് നല്ല കാര്യം ചെയ്യാം എന്ന് ചിന്തിക്കുക.

(ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് തയ്യാറാക്കിയ ലേഖനം)