ഈ ചിന്തകൾ ഇടയ്ക്കിടെ നിങ്ങളുടെ മനസിൽ കടന്നു വരാറുണ്ടോ ?

Synopsis
ഒരുപാട് ടെൻഷൻ അനുഭവപ്പെടുന്ന സമയത്ത് നൂറിൽ നിന്നും ഒന്നിലേക്ക് റിവേഴ്സ് ആയി എണ്ണാൻ ശ്രമിക്കുക. വളരെ നിസ്സാരമല്ലേ ഇതെന്ന് തോന്നിയേക്കാം. എന്നാൽ ഇങ്ങനെ ഒന്നു ശ്രമിച്ചു നോക്കുക. ആദ്യം ചിന്തകൾ വന്നപ്പോൾ നൂറു ശതമാനം ടെൻഷൻ മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ അതിന്റെ അളവ് കുറഞ്ഞതായി കാണാൻ കഴിയും.
പണ്ടു നടന്ന കാര്യങ്ങളുടെ സങ്കടപ്പെടുത്തുന്ന ഓർമ്മകൾ മനസ്സിലേക്ക് വരാറുണ്ടോ? ഭാവിയിൽ സംഭവിക്കുമോ എന്ന് നമ്മൾ ഭയക്കുന്ന കാര്യങ്ങൾ ഓർത്തു ടെൻഷൻ തോന്നാറുണ്ടോ? ഒന്നും ഓർക്കാതെയിരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ചിന്തിക്കാറുണ്ടോ ? ഒന്നും ചിന്തിക്കാതെ സങ്കടപ്പെടാതെ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ടോ? എങ്ങനെ മനസ്സിന് സമാധാനം നേടിയെടുക്കാം എന്ന് ചിന്തിക്കുകയാണോ?
കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) എന്ന തെറാപ്പിയിലൂടെ മനസ്സിനെ ശാന്തമാക്കാൻ ഒരു മാർഗ്ഗമുണ്ട്. Distraction ടെക്നിക് അഥവാ മനസ്സിന്റെ ശ്രദ്ധ മാറ്റിവിടുക എന്നതാണ് അത്.
1. ഒരുപാട് ടെൻഷൻ അനുഭവപ്പെടുന്ന സമയത്ത് നൂറിൽ നിന്നും ഒന്നിലേക്ക് റിവേഴ്സ് ആയി എണ്ണാൻ ശ്രമിക്കുക. വളരെ നിസ്സാരമല്ലേ ഇതെന്ന് തോന്നിയേക്കാം. എന്നാൽ ഇങ്ങനെ ഒന്നു ശ്രമിച്ചു നോക്കുക. ആദ്യം ചിന്തകൾ വന്നപ്പോൾ നൂറു ശതമാനം ടെൻഷൻ മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ അതിന്റെ അളവ് കുറഞ്ഞതായി കാണാൻ കഴിയും. ചിലപ്പോൾ അത് എൺപതോ അതിൽ കുറവോ ഒക്കെയായി മാറിയിട്ടുണ്ടാകും. ചിലർ പറയും ഞാൻ ഇപ്പോൾ ശ്രദ്ധ മാറ്റിയില്ലേ, അതുകൊണ്ട് ഇപ്പോൾ ഒരു ടെൻഷനും തോന്നുന്നില്ല എന്ന്.
2. ഇതുപോലെ വളരെ സിമ്പിൾ എന്ന് തോന്നാമെകിലും ഫലപ്രദമായ ടെക്നിക്കുകൾ വേറെയും ശ്രമിച്ചു നോക്കാം. ഉദാ: ഇപ്പോൾ നിങ്ങൾ ഉള്ള സ്ഥലത്തു ചുറ്റുപാടും നോക്കുക. അവിടെ വെള്ള നിറത്തിൽ എന്തെല്ലാം വസ്തുക്കൾ കാണാൻ കഴിയുന്നുണ്ട് എന്ന് നോക്കി പേരുകൾ പറയുക.
3. നിങ്ങളുടെ പേരിന്റെ അക്ഷരങ്ങൾ റിവേഴ്സ് ഓർഡറിൽ പറയുക.
4. അല്പസമയം ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ സമയം ശ്വാസത്തിന്റെ വേഗത സാധാരണ നിലയിലാണോ എന്ന് പരിശോധിക്കുക. ടെൻഷൻ തോന്നുന്ന സമയങ്ങൾ ശ്വാസം സാധാരണ നിലയിലാവില്ല. ചിലർക്ക് വേഗത കൂടിയപോലെ തോന്നാം. ചിലർക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി തോന്നാം. പലപ്പോഴും ടെൻഷൻ കൊണ്ടുണ്ടാകുന്ന ഈ അവസ്ഥയെ രോഗമില്ലാത്തവരിൽ ശ്വാസകോശത്തിന്റേയോ ഹൃദയത്തിന്റെയോ അസുഖമായിപോലും തെറ്റിദ്ധരിച്ചേക്കാം.
5. സുഹൃത്തുക്കളും കുടുംബത്തോടും ഒപ്പമുള്ള നല്ല മൊമെന്റ്സ് ഓർത്തെടുക്കാൻ അവരുമൊത്തുള്ള ഫോട്ടോസ് നോക്കാം. അതിലേക്കു ശ്രദ്ധ പൂർണ്ണമായും കൊണ്ടുപോകാം.
6. ഇഷ്ടപ്പെട്ട ഒരു ഭക്ഷണം അല്പം ടേസ്റ്റ് ചെയ്തു നോക്കാം. അത് കഴിക്കുന്ന സമയം ശ്രദ്ധ പൂർണ്ണമായും അതിന്റെ രുചിയിലേക്ക് കൊണ്ടുപോകാം. ചിന്തകൾക്ക് ആ സമയം ഒരു പ്രാധാന്യവും നൽകരുത്.
7. വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവരുമായി സമയം ചിലവഴിക്കുക.
8. ഇഷ്ടമുള്ള പാട്ടുകളിലേക്കു അൽപനേരം ശ്രദ്ധ മാറ്റുക.
9. ഒരു സുഹൃത്തിനെ ഫോണിൽ വിളിക്കാം. മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ചു സംസാരിക്കാം. അൽപ്പനേരം ടെൻഷൻ അകറ്റി നിർത്താൻ തീരുമാനിക്കുക.
10. നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ചിലർക്ക് കുറച്ചധികം നേരം ഷവറിൽ നില്കുന്നത് ടെൻഷൻ കുറയ്ക്കാൻ സഹായകരമാണ്.
പക്ഷേ ടെൻഷൻ തോന്നുമ്പോൾ ഇങ്ങനെ ശ്രദ്ധ മാറ്റുന്നത് ഒളിച്ചോടുന്ന പോലെയല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ടെൻഷൻ അനുഭവിക്കുന്ന സമയത്തു പലപ്പോഴും മുൻപ് നടന്ന കാര്യങ്ങളോ ഭാവിയിൽ നടക്കുമോ എന്ന് പേടിക്കുന്ന കാര്യങ്ങളോ ആയിരിക്കും മിക്ക ആളുകളെയും ബാധിക്കുന്നത്. അതിനർദ്ധം അവർ ഇപ്പോൾ ഈ നിമിഷം നടക്കുന്ന കാര്യങ്ങളിൽ, ജീവിതത്തിലെ നല്ല കാര്യങ്ങളിൽ ഫോക്കസ് ചെയ്യുന്നില്ല എന്നാണ്. അമിതമായി ആലോചിച്ചു ടെൻഷൻ അടിക്കുന്നതിൽ കാര്യമില്ല, ശ്രദ്ധ മാറ്റിയാൽ സമാധാനം കിട്ടും എന്ന് മനസ്സിലാക്കാൻ നമ്മൾ മനസ്സിനെ ട്രെയിൻ ചെയ്യണം. ചിലരിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളും ബാധിച്ചേക്കാം. അങ്ങനെയാണ് എങ്കിലും മനസ്സിന് സമാധാനം നേടുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. അതിനായി ശ്രദ്ധ മാറ്റണം.
അതിനുശേഷം മനസ്സു ശാന്തമാകുമ്പോൾ വളരെ ബോൾഡ് ആയ തീരുമാനം എടുക്കാനും, പ്രശ്നങ്ങളെ പരിഹരിക്കാനും മനസ്സിനു ധൈര്യം ലഭിക്കും. അതിനാൽ ഇനി എത്ര തവണ ടെൻഷൻ നിറഞ്ഞ ചിന്തകൾ വരുന്നോ അപ്പോഴെല്ലാം മനസ്സിന്റെ ശ്രദ്ധ മാറ്റി വിടുക. ഉറപ്പാവും കുറച്ചു ദിവസത്തെ ഈ ട്രെയിനിങ് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും.
(ലേഖിക പ്രിയ വർഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ : 8281933323)
ഭാവിയെപ്പറ്റി എപ്പോഴും ആകുലപ്പെടാറുണ്ടോ? കഴിഞ്ഞുപോയ കാര്യങ്ങൾ അമിതമായി ചിന്തിക്കാറുണ്ടോ?