പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

 

'എന്റെ വല്യപ്പച്ചാ... ഇങ്ങനെ കൂര്‍ക്കം വലിക്കല്ലേ... ശ്ശൊ എനിക്കൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ലാന്നേ...'

ദിവാന്‍കോട്ടില്‍ ചാരിക്കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്ന തോമാച്ചനെ നോക്കി ജോക്കുട്ടന്‍ പറഞ്ഞു. തോമാച്ചനുണ്ടോ അനക്കം. ഉറക്കത്തിന്റെ പാരമ്യതയില്‍ ജോക്കുട്ടന്‍ പറയുന്നത് തോമാച്ചന്‍ കേട്ടതേയില്ല. കൂര്‍ക്കം വലി തകൃതിയായി നടക്കുന്നുമുണ്ട്.

'ശ്ശോ...'

ജോക്കുട്ടന്‍ റ്റി.വിയുടെ സൗണ്ട് കൂട്ടിവെച്ചു.

'ഞാനോര്‍ത്തു എന്റെ അപ്പായിയാ വല്യ കൂര്‍ക്കം വലിക്കാരനെന്ന്. ഇതിപ്പോ കൂര്‍ക്കം വലിയുടെ രാജാവാ...'

'നീയെന്തിനാ ജോക്കുട്ടാ ഇത്രയും സൗണ്ടില്‍ റ്റി.വി വച്ചേക്കുന്നത്?'

ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് തോമാച്ചന്‍ ചോദിച്ചു.

'വല്യപ്പച്ചന്‍ സൗണ്ട് കൂട്ടി കൂര്‍ക്കം വലിച്ചിട്ട്. അല്ലാതെന്തിനാ?'

'വല്യപ്പച്ചന്‍ അറിഞ്ഞുകൊണ്ട് കൂര്‍ക്കം വലിക്കുന്നതല്ലല്ലോ കുട്ടാ...'

തോമാച്ചന്‍ ജോക്കുട്ടന്റെ അടുത്തു വന്നിരുന്നു.

'വല്യപ്പച്ചാ നമ്മളറിയാതെയാണോ കൂര്‍ക്കം വരുന്നത്?'

'അതെ കുട്ടാ. ഉറക്കത്തില്‍ നമ്മുടെ ശരീരത്തിലെ പേശികളും  (muscles) അവയവങ്ങളും റിലാക്‌സ് ചെയ്യുന്നു. അതിനൊപ്പം കഴുത്തിലെ മസിലുകളും റിലാക്‌സ് ആകുന്നു. ഇതിന്റെ ഫലമായി ഉച്ഛ്വാസ വായു കടന്നുപോകുന്ന തൊണ്ടയുടെ മുകള്‍ ഭാഗം ഭാഗികമായി അടയുന്നു. പൊണ്ണത്തടി ഉള്ളവരുടെ ശ്വാസനാളത്തിന്റെ തുടക്കത്തിലെ ഭാഗത്തെ ദശ കൊഴുത്തു തടിച്ചതായിരിക്കും. അവരുടെ തൊണ്ടയിലെ മസില്‍ അവര്‍ റിലാക്‌സ് ചെയ്യുമ്പോള്‍ ശ്വാസനാളത്തെ കൂടുതലായി മൂടുന്നു.'

'എന്നിട്ട്?'

'ഉറക്കത്തിന്റെ ആദ്യ സ്റ്റേജില്‍ ചെറുതായിട്ടായിരിക്കും റിലാക്‌സ് ചെയ്യുന്നത്. എങ്കിലും വായുവിന് ശ്വാസനാളിയിലൂടെ ശരിക്ക് കടന്നുപോകാന്‍ കഴിയാതെ വരുന്നു. ഇങ്ങനെ വായു തടസ്സപ്പെട്ട് കടന്നു പോകുന്ന ശബ്ദമാണ് കൂര്‍ക്കംവലി.'

'കൂര്‍ക്കംവലിയുടെ ശബ്ദം കൂടിക്കൂടി വരുന്നതെങ്ങനെയാ?'

'അതോ... കൂര്‍ക്കംവലിക്കാരന്‍ ഗാഢനിദ്രയിലേക്ക് വഴുതി വീഴുമ്പോള്‍ തൊണ്ടയിലെ മസില്‍ കൂടുതല്‍ റിലാക്‌സ് ആകുന്നു. അപ്പോള്‍ ശ്വാസനാളം കൂടുതലായി അടയുന്നു. ഇതാണ് കൂര്‍ക്കംവലിയുടെ ശബ്ദം കൂടാന്‍ കാരണം. ഒടുവില്‍ ശ്വാസനാളം പൂര്‍ണ്ണമായും അയുമ്പോള്‍ കൂര്‍ക്കംവലി നില്‍ക്കുന്നു.'

'അയ്യോ... അപ്പോള്‍ ശ്വാസകോശത്തിലേക്ക് വായു കിട്ടാതെ വരില്ലേ?'

'അപ്പോഴാണ് തലച്ചോറിന്റെ കളി?'

'തലച്ചോര്‍ എന്തു ചെയ്യും?'

'ശ്വാസം കിട്ടാതെ ഇരിക്കുമ്പോള്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്നു. അപ്പോള്‍ തലച്ചോര്‍ പുറപ്പെടുവിക്കുന്ന സിഗ്‌നല്‍ കൂര്‍ക്കം വലിക്കാരന്റെ റെസ്പിറേറ്ററി സെന്ററിലേക്ക് പാഞ്ഞ് ചെല്ലും. എന്നിട്ട് റെസ്പിറേറ്ററി മസിലുകളിലേക്ക് 'ആഞ്ഞു വലിക്കൂ... എന്ന് ശക്തമായൊരു മെസേജു കൊടുക്കും. അപ്പോള്‍ കൂര്‍ക്കം വലിക്കാരന്‍ ഉറക്കത്തില്‍ നിന്നുണരുകയും ശ്വാസം എടുക്കുകയും ചെയ്യുന്നു. ഉറങ്ങുന്ന സമയം മുഴുവന്‍ ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.'

'ഇങ്ങനെ ഇടയ്ക്കിടെ ഉണര്‍ന്നാല്‍ ഉറക്കമില്ലാതെ അസുഖം പിടിക്കില്ലേ വല്യപ്പച്ചാ?'

'ഉവ്വ് കുട്ടാ. ക്ഷീണം, ഉറക്കം തൂങ്ങല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, മറവി പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാകും.''

'അതാണല്ലേ വല്യപ്പച്ചനെപ്പഴും കസേരയിലിരുന്ന് ഉറക്കം തൂങ്ങുന്നത്?'

'ങ്‌ഹേ... എടാ കുട്ടാ... പണി വല്യപ്പച്ചനിരിക്കട്ടേന്നല്ലേ? ഹാ... ഹാ... ഹാ...'

'വല്യപ്പച്ചന്റെ മകനും ഒരു നല്ല കൂര്‍ക്കം വലിക്കാരനാണേ.... വല്യപ്പച്ചന്റെയല്ലേ മോന്‍. ഹ്ഹാ... എന്തായാലും വല്യപ്പച്ചനും മോനും നന്നായി വ്യായാമം ചെയ്ത് പൊണ്ണത്തടി കുറച്ചോളൂന്നേ... ഇന്ന് തന്നെ ഞാന്‍ അപ്പായെ വിളിച്ചു പറയുന്നുണ്ട്. വല്യപ്പച്ചാ ഞാന്‍ ചേട്ടായിമാരുടെ ഒപ്പം കളിക്കാന്‍ പോകുവാണേ... ഉമ്മ'തോമാച്ചന് ഒരുമ്മയും കൊടുത്ത് ജോക്കുട്ടന്‍ മുറ്റത്തേക്കിറങ്ങി.

 

കഥ പറയും കാലം

ഭാഗം ഒന്ന്: ''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''

രണ്ടാം ഭാഗം. കുയിലിന് കാക്കക്കൂട്ടില്‍ എന്താണ് കാര്യം?

ഭാഗം മൂന്ന്: മയില്‍പ്പീലിക്ക് എവിടുന്നാണ് ഇത്രയും നിറങ്ങള്‍?

ഭാഗം നാല്: വല്യമ്മച്ചി കരയുന്നു...!

ഭാഗം അഞ്ച്: നീന്തല്‍താരം ഐസൂട്ടന്‍

ഭാഗം ആറ്: പാലും മുട്ടയും കഴിക്കുന്ന ചിലന്തി, ഉരുക്കിനേക്കാള്‍ ബലമുള്ള ചിലന്തിവല

ഏഴാം ഭാഗം: നെല്ലിക്ക ആദ്യം കയ്ച്ച് പിന്നെ  മധുരിക്കുന്നത് എന്തു കൊണ്ടാണ്?

എട്ടാം ഭാഗം: കുട്ടികള്‍ വെയിലു കൊള്ളാമോ?