പുതുക്കാട് ചെങ്ങാലൂര്‍ പള്ളി തിരുനാള്‍ പ്രദക്ഷിണത്തിലേക്ക് വെടിക്കെട്ടിനിടെ ഗുണ്ട് വീണ് പൊട്ടിത്തെറിച്ച് 10 പേര്‍ക്ക് പരുക്കേറ്റു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്
തൃശൂര്‍: പുതുക്കാട് ചെങ്ങാലൂര്‍ പള്ളി തിരുനാള്‍ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേര്‍ക്ക് പരുക്കേറ്റു. ചെങ്ങാലൂര്‍ സ്വദേശികളായ വൈക്കത്തുപ്പറമ്പില്‍ സജുവിന്റെ മകള്‍ ഹെലന്‍, കുന്നേല്‍ വീട്ടില്‍ ടിസന്റെ ഭാര്യ ലെഞ്ജി, മക്കളായ അയറിസ്, റബേക്ക, ചാണ്ടി വീട്ടില്‍ ജോയിയുടെ ഭാര്യ ജെസി, മരുമകള്‍ ഏഞ്ചലിന്‍, ബന്ധുവായ ഷെര്‍ലി, മുരിങ്ങാത്തേരി ബെന്നി മകള്‍ ആന്‍മരിയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ണിന് പരുക്കേറ്റ ഷെര്‍ലിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റുള്ളവരെ കൊടകര, വെണ്ടോര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങാലൂര്‍ ലാസ്റ്റ് കപ്പേളക്ക് സമീത്തായിരുന്നു അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വെടിക്കെട്ട് നടത്തുന്നതിനിടെ തെറിച്ച ഗുണ്ട് പ്രദക്ഷിണത്തില്‍ വീണ് പൊട്ടുകയായിരുന്നു. വെടിക്കെട്ട് തുടങ്ങിയതോടെ പ്രദക്ഷിണം കപ്പേളയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഗുണ്ട് പറമ്പിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണ് പൊട്ടിയത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന ആരോപണമുണ്ട്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.


