ഇടപ്പള്ളി റെയിൽ‍വേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. പോണേക്കര സ്വദേശി ആന്റണി ജോസിനാണ് പൊള്ളലേറ്റത്. 

കൊച്ചി: പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് വാങ്ങാന്‍ പോകവേ നിര്‍ത്തിയിട്ട ഓയില്‍ ടാങ്കര്‍ ട്രെയിനിന് മുകളിലൂടെ കയറി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച 17കാരാന്‍ ഷോക്കേറ്റ് മരിച്ചു. കൊച്ചി ഇടപ്പള്ളി പോണേക്കര സ്വദേശി ആന്‍റണി ജോസാണ് മരിച്ചത്.

വൈകിട്ട് മൂന്ന് മണിയ്ക്ക് ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായിരുന്നു അപകടം. സുഹൃത്തുക്കള്‍ ട്രെയിനിന് അടിയിലൂടെ കടന്നപ്പോള്‍ ആന്‍റണി മാത്രം മുകളിലൂടെ മറുവശത്തേക്ക് കടക്കുകയായിരുന്നു. ഓവര്‍ ഹെഡ‍് ലൈനിലെ വൈദ്യുതി പ്രവാഹത്തിന്‍റെ ശക്തിയില്‍ ഷോക്കേറ്റ് തെറിച്ചുവീണ ആന്‍റണിയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. എറണാകുളം ഇഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, കൊല്ലം കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ഇടക്കളങ്ങര സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്. ഉച്ചയ്ക്ക് വീടിനോട് ചേർന്നുള്ള ചതുപ്പിന് സമീപത്ത് വെച്ചാണ് അബ്ദുൽ സലാമിന് ഷോക്കേറ്റത്. ചതുപ്പിൽ വീണുകിടന്ന യുവാവിനെ പിടിച്ചുയർത്താൻ ശ്രമിച്ച സഹോദരിക്കും അയൽക്കാരനും ഷോക്കേറ്റു.

പ്രദേശവാസികൾ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുൽസലാമിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തെങ്ങോല എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. 

(പ്രതീകാത്മക ചിത്രം)

Also Read: കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്