ടൂ വീലര്‍ വര്‍ക്‌ഷോപ്പില്‍ എത്തിയ ജസീല്‍ ബൈക്കിന്റെ ലോക്ക് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വര്‍ക്‌ഷോപ്പ് ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി ടു വീലര്‍ വര്‍ക്‌ഷോപ്പില്‍ എത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊയിലാണ്ടി മൂടാടി സ്വദേശി കാവാലംകുന്ന് വീട്ടില്‍ പികെ ജസീല്‍ ജമാലി(26) നെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിന്റെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. ഏപ്രില്‍ ഏഴാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. കുന്ദമംഗലം സ്വദേശിയുടെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഉടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെ ടൂ വീലര്‍ വര്‍ക്‌ഷോപ്പില്‍ എത്തിയ ജസീല്‍ ബൈക്കിന്റെ ലോക്ക് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വര്‍ക്‌ഷോപ്പ് ഉടമ പൊലീസില്‍ വിവരം അറിയിച്ചു. ഉടന്‍ പൊലീസ് എത്തി ബൈക്കും ജസീലിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജസീലിന്റെ പേരില്‍ മോഷണ കുറ്റം കൂടാതെ മറ്റ് കേസുകളുമുണ്ട്. കോഴിക്കോട് കസബ, കൊയിലാണ്ടി, എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായി നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, വില്‍പന, പോക്‌സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കല്‍ എന്നിങ്ങനെ നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ ലിജോ ജോസ്, ആഷ്‌ലി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധര്‍മ്മദാസ്, ജയേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിജു എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.


