വീട്ടിനടുത്ത് കടുവ ശല്യമുണ്ടെന്നും കടുവ മനുഷ്യനെ ആക്രമിച്ചതായി പത്രങ്ങളിൽ വായിച്ചിട്ടുണ്ടെന്നും പറഞ്ഞ് താൻ എഴുതിയ ഉത്തരത്തെ വിദ്യാർത്ഥിനി സാധൂകരിച്ചത്
കൽപ്പറ്റ: വിവിധ ജീവികൾ ഭക്ഷണമാക്കുന്നത് എന്തൊക്കെയാണെന്ന ചോദ്യത്തിന് മൂന്നാം ക്ലാസുകാരിയുടെ മറുപടിയിൽ അമ്പരന്ന് അധ്യാപകർ. മൂന്നാം ക്ലാസ് പരിസ്ഥിതിപഠനത്തിലെ ജന്തുലോകം എന്ന പാഠഭാഗത്തിൽ ഉണ്ടായിരുന്ന ചോദ്യത്തിനാണ് മനുഷ്യ മൃഗ സംഘർഷത്തിന്റെ നേർക്കാഴ്ചയാവുന്ന മറുപടി മൂന്നാം ക്ലാസുകാരി നൽകിയത്. കടുവയുടെ ഭക്ഷണത്തിന് ഉത്തരമായി വൈത്തിരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനി എഴുതിയത് മനുഷ്യൻ എന്നായിരുന്നു.
മൂന്നാം ക്ലാസുകാരി എഴുതിയ ഉത്തരം ഉത്തരത്തിൽ കൗതുകം പൂണ്ട അധ്യാപകർ കുട്ടിയെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് ഏറെ അങ്കലാപ്പിലായത്. വീട്ടിനടുത്ത് കടുവ ശല്യമുണ്ടെന്നും കടുവ മനുഷ്യനെ ആക്രമിച്ചതായി പത്രങ്ങളിൽ വായിച്ചിട്ടുണ്ടെന്നും പറഞ്ഞ് താൻ എഴുതിയ ഉത്തരത്തെ വിദ്യാർത്ഥിനി സാധൂകരിച്ചത് . ഇതോടെ അധ്യാപകർക്ക് ഈ ഉത്തരത്തിന് ശരി മാർക്ക് നൽകേണ്ടി വന്നു.
മൂന്നാംക്ലാസിലെ പരിസ്ഥിതി പഠനത്തിലെ ജന്തുലോകം എന്ന പാഠത്തിന്റെ അനുബന്ധമായുള്ള പഠന പ്രവർത്തനത്തിൽ വിവിധ ജീവികളുടെ ആഹാരം എന്താണെന്ന് എഴുതാനുണ്ടായിരുന്നതിലാണ് വിചിത്രമായ ഉത്തരമുണ്ടായത്.വയനാട്ടിൽ കടുവയടക്കമുള്ള വന്യജീവികൾ മനുഷ്യ ജീവനെടുക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഇത്തരം ഉത്തരമെഴുതുന്നതിൽ അതിശയിക്കാനില്ലെന്ന് അധ്യാപകരും പറയുന്നു. പശു, കാക്ക, ആന, കോഴി, പരുന്ത് എന്നിങ്ങനെ ഒട്ടേറെ ജീവികളുടെ ഭക്ഷണം ചേരുംപടി ചേർത്ത് എഴുതാനായിരുന്നു പാഠ പുസ്തക സംബന്ധിയായ പ്രവർത്തനം ആവശ്യപ്പെട്ടത്.


