കളിയ്ക്കൽ തോടിനും മതിലിനും ഇടയിലൂടെ കഷ്ടിച്ച് ഒരാൾക്ക് നടന്നു പോകാൻ കഴിയുന്ന വഴിയിലൂടെ വേണം ഭൂരിഭാഗവും കൂലിപ്പണിക്കാർ താമസിക്കുന്ന ഈ പ്രദേശത്തെത്താന്‍.
ചാരുംമൂട്: ദിവസവും വീടുകളിൽ നിന്ന് പുറത്തേക്കും തിരിച്ചും വരണമെങ്കിൽ മതിലിൽ പിടിച്ചു പോകേണ്ട ഗതികേടിലാണ് മുപ്പതോളം കുടുംബങ്ങൾ. ചുനക്കര പഞ്ചായത്തിൽ ആറാം വാർഡിൽ തെക്കുംമുറി എൻ എസ് എസ് സ്കൂളിന് എതിർവശത്ത് കരിങ്ങാലി പുഞ്ചയുടെ ഓരത്ത് താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളാണ് സഞ്ചാരയോഗ്യമായ വഴിയില്ലാത്തതിനാൽ വർഷങ്ങളായി ദുരിതം അനുഭവിക്കുന്നത്.
മുപ്പതോളം കുടുംബങ്ങള്‍ക്കും മുന്നൂറ് മീറ്ററോളമുള്ള ഈ വഴി കടന്ന് വേണം ഗതാഗതയോഗ്യമായ വഴിയിലെത്താൻ. കേരളത്തിൽ ഒരു പഞ്ചായത്തിലും ഇതുപോലെ ഒരു വഴിയും അതിലൂടെ പോകേണ്ടി വരുന്ന കുടുംബങ്ങളെയും കാണാൻ കഴിയില്ലെന്ന് ഈ കുടുംബങ്ങള്‍ പറയുന്നു. ജില്ലയിലെ ഏഴാമത്തെ പട്ടണമായ ചാരുമൂടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാത്രമാണ് ഈ പ്രദേശത്തേക്കുള്ള ദൂരം. കളിയ്ക്കൽ തോടിനും മതിലിനും ഇടയിലൂടെ കഷ്ടിച്ച് ഒരാൾക്ക് നടന്നു പോകാൻ കഴിയുന്ന വഴിയിലൂടെ വേണം ഭൂരിഭാഗവും കൂലിപ്പണിക്കാർ താമസിക്കുന്ന ഈ പ്രദേശത്തെത്താന്‍.
കാലൊന്ന് തെറ്റിയാൽ തോട്ടിലേക്ക് മറിയുമെന്നതിനാൽ മതിലിൽ പിടിച്ചാണ് ഇവരെല്ലാം നടന്ന് പോകുന്നത്. ചെറുപ്പക്കാർക്ക് പോലും സർക്കസ് കാണിച്ചാൽ മാത്രമേ അപ്പുറമിപ്പുറം എത്താൻ കഴിയൂ. പ്രായമാവരും, കുട്ടികളും, സ്ത്രീകളുമാണ് ഇതുവഴി വരുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നത്. രാത്രി കാലങ്ങളിലാണെങ്കിൽ ബാലൻസ് തെറ്റിയാൽ തീർച്ചയായും തോട്ടിലേക്ക് വീണിരിക്കും. ഇതുവഴി വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മ കാൽ തെറ്റി തോട്ടിൽ വീണ് പരിക്കേറ്റത് ഏതാനം ദിവസങ്ങൾക്ക് മുമ്പായിരുന്നു.
മഴക്കാലത്താണെങ്കിൽ തോട് നിറഞ്ഞ് കവിയുന്നതോടെ ഇതുവഴിയുള്ള യാത്രയും അസാധ്യമാകും. അടിയന്തിര സാഹചര്യമുണ്ടായാൽ രോഗികളെ എടുത്ത് കൊണ്ടോ, കസേരയിൽ ഇരുത്തിയോ മാത്രമേ കൊണ്ട് പോകാൻ കഴിയൂ. ഒരാൾക്ക് കഷ്ടിച്ച് നടന്ന് പോകാൻ കഴിയുന്ന വഴിയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ തുടർച്ചയായ അവഗണനയുടെ ഫലമാണ് ഇവരുടെ ദുരിതം. അധികാരികളുടെ മൗനമാണ് ദുരിതത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാറി മാറി വരുന്ന ഭരണാധികാരികളോട് ദുരിതം പറഞ്ഞെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ലെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.
കൂടുതല്‍ വാര്‍ത്തയ്ക്ക്: വില്ലേജ് ഓഫീസ് വരുമ്പോള്‍ നടവഴി നഷ്ടമായി കുടുംബങ്ങള്‍, ഇടപെട്ട് റവന്യൂ മന്ത്രി; റിപ്പോർട്ട് തേടി
