പിന്നാലെ വന്ന സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക്, അപകടത്തിൽ റോഡില്‍ വീണുകിടന്ന കലേഷിന്റെ ബൈക്കില്‍ ഇടിച്ചു മറിഞ്ഞു.

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാവേലിക്കര പ്രായിക്കര കുന്നില്‍ വീട്ടില്‍ പരേതനായ കാര്‍ത്തികേയന്റേയും സുമയുടേയും മകന്‍ കലേഷ് കാര്‍ത്തികേയന്‍ (31) ആണ് മരിച്ചത്. ഉമ്പര്‍നാടുള്ള അമ്മ വീട്ടില്‍ നിന്നും പ്രായിക്കരയിലുള്ള വീട്ടിലേക്ക് വരവെ ചൊവ്വാഴ്ച പുലര്‍ച്ചെ 12.05 ഓടെ കുടുംബ കോടതിയ്ക്ക് സമീപമായിരുന്നു സംഭവം.

നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികില്‍ നിന്ന മരത്തിലിടിച്ച് മറിയുകയായിരുന്നു. പിന്നാലെ വന്ന സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക്, അപകടത്തിൽ റോഡില്‍ വീണുകിടന്ന കലേഷിന്റെ ബൈക്കില്‍ ഇടിച്ചു മറിഞ്ഞു. ബൈക്കിൽ നിന്നും വീണ വിഷ്ണുവിന് നിസാര പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കലേഷിനെ ഉടന്‍തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  പെയിന്റിംഗ് തൊഴിലാളിയായിരുന്നു കലേഷ്. മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി.