പരാതിക്കാരിയായ ട്രാന്‍സ്‌ജെന്‍ററിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത പ്രതികളില്‍ ഒരാളായ ജബ്ബാര്‍ കുന്ദമംഗലം സിന്ധു തിയറ്ററിന് സമീപം ഇറങ്ങുകയും ശേഷം താക്കോല്‍ പിടിച്ചു വാങ്ങുകയും ചെയ്തു.

കോഴിക്കോട്: കുന്ദമംഗലത്ത് ട്രാന്‍സ്‌ജെന്‍ററുടെ സ്‌കൂട്ടര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ നാല് യുവാക്കള്‍ പിടിയില്‍. കുന്ദമംഗലം നൊച്ചിപ്പൊയില്‍ സ്വദേശി ആനിക്കാട്ടുമ്മല്‍ വീട്ടില്‍ മുഹമ്മദ് റബീന്‍(23), കൊടുവള്ളി മുക്കാംചാലില്‍ വീട്ടില്‍ നിസാമുദ്ദീന്‍(27), പതിമംഗലം പാലുമണ്ണില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (23), മുട്ടാഞ്ചേരി പരനിലം വീട്ടില്‍ മുഹമ്മദ് റാഫി(26) എന്നിവരാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഏപ്രില്‍ 20ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പരാതിക്കാരിയായ ട്രാന്‍സ്‌ജെന്‍ററിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത പ്രതികളില്‍ ഒരാളായ ജബ്ബാര്‍ കുന്ദമംഗലം സിന്ധു തിയറ്ററിന് സമീപം ഇറങ്ങുകയും ശേഷം താക്കോല്‍ പിടിച്ചു വാങ്ങുകയും ചെയ്തു. തുടര്‍ന്ന് താക്കോല്‍ ഇവിടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് കൈമാറി. സ്‌കൂട്ടറുമായി കടന്നുകളയാനുള്ള യുവാക്കളുടെ ശ്രമം ചെറുക്കുന്നതിനിടെ ഉടമയെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് വാഹനവുമായി കടന്നുകളഞ്ഞു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസിന് നൊച്ചിപ്പൊയില്‍ ഭാഗത്തുകൂടി മൂന്നുപേര്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെ കൂട്ടുപ്രതികളും പിടിയിലായി. മോഷണം പോയ സ്‌കൂട്ടര്‍ കൊടുവള്ളിയിലെ ഒരു വര്‍ക്ഷോപ്പിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാന്‍റ് ചെയ്തു.

Read More : പിതാവ് കൂളറിന് പെയിന്‍റ് ചെയ്യുന്നതിനിടെ ഒന്നര വയസ്സുകാരി പെയിന്‍റ് ഓയിൽ എടുത്ത് കുടിച്ചു; ദാരുണാന്ത്യം