ചെറുവണ്ണൂർ സ്കൂളിലെ അധ്യാപകൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. പിറന്നാൾ സമ്മാനം നൽകാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ചായിരുന്നു പീഡനം. സ്കൂൾ കൗൺസിലിംഗിനിടെയാണ് സംഭവം പുറത്തറിഞ്ഞത്.
കോഴിക്കോട്: താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കോഴിക്കോട് ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകന്‍, ചെറുവണ്ണൂര്‍ ശാരദാമന്ദിരത്തിന് സമീപം താമസിക്കുന്ന മങ്ങന്തറ ഹൗസില്‍ എം സജീന്ദ്രബാബു (50) ആണ് ഈ ക്രൂരകൃത്യം ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിറന്നാള്‍ സമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് നല്ലളം പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. സജീന്ദ്ര ബാബുവിനെതിരേ നേരത്തെയും ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നതായാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.


