ശനിയാഴ്ച വൈകുന്നേരം പ്രാർഥനയ്ക്കായി സ്കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട്: കോടഞ്ചേരി നൂറാംതോട് സ്വദേശിനിയായ കന്യാസ്ത്രീ ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. നൂറാംതോട് ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ് ജോസ് എഫ്സിസി (46)യാണ് ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത്. ഗുജറാത്തിലെ രാജ്കോട്ട് മിഷനിൽ ജോലിചെയ്തു വരികയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം പ്രാർഥനയ്ക്കായി സ്കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ ജോസഫ്. മാതാവ്: മേരി. സഹോദരങ്ങൾ: ജോൺസൺ, ജോർജ്, ഫാ. ആൻറണി ( എം.എസ്.എഫ്.എസ്, നാഗാലാൻഡ് ), എൽസി. സംസ്കാരം ഗുജറാത്തിലെ രാജ്കോട്ടിൽ നടത്തി.

തമിഴ്‌നാട് സ്വദേശിയുടെ മരണം കെഎസ്ആർടിസി ബസ് ഇടിച്ച്, തെളിവായത് സിസിടിവി ദൃശ്യങ്ങൾ

മലപ്പുറം: ദേശീയപാതയിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട തമിഴ്‌നാട് സ്വദേശി മരിച്ചത് കെ എസ് ആർ ടി സി ബസിടിച്ചാണെന്ന് കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശിയും ചീക്കോട് താമസക്കാരനുമായ പടിഞ്ഞാറേൽ വീട്ടിൽ നടരാജ(63)നെയാണ് കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ 5.40ന് ദേശീയപാതയിൽ വെന്നിയൂരിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരിക്കേറ്റ് ചോര വാർന്ന് കിടക്കുകയായിരുന്ന നടരാജനെ ട്രോമാ കെയർ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

പൊലീസ് അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കെ എസ് ആർ ടി സി ബസ് ഇടിച്ചതാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിലെ ബസാണ് അപകടം വരുത്തിയത്. പുലർച്ചെ 3.30നും നാലിനുമിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ബസ് നിർത്തി ജീവനക്കാരും യാത്രക്കാരും ഇറങ്ങി നോക്കിയതായും എന്നാൽ പരിക്ക് പറ്റിയ ആളെ കാണാത്തതിനാലാണ് ബസ് യാത്ര തിരിച്ചതെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്. 

രണ്ട് മണിക്കൂറിലേറെ ഇയാൾ ചോര വാർന്ന് കിടന്നതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. ഡ്രൈവർ തലശ്ശേരി സ്വദേശി എം വി ഷാജിക്കെതിരെ കേസെടുക്കുകയും ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 30 വർഷമായി ചീക്കോട് സ്ഥിരതാമസക്കാരനായ നടരാജൻ ജോലി ആവശ്യാർഥം 35 വർഷങ്ങൾക്ക് മുമ്പാണ് കേരളത്തിലെത്തിയത്.