ആറാട്ടു മണ്ഡപത്തിൽ നിന്ന് ഗരുഡ വാഹനത്തിൽ ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹം ആറാട്ടുകടവിലെ മണൽത്തിട്ടയിലേക്ക് എഴുന്നള്ളിക്കുന്ന പാത അടച്ചാണ് പടിക്കെട്ടുകൾ നിർമിക്കുന്നതെന്നാണ് ആക്ഷേപം

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ ശംഖുംമുഖം തീരത്തെ നിർമാണ പ്രവർത്തനങ്ങൾ വിവാദത്തിൽ. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടു പൂജകൾ നടത്തുന്ന ആറാട്ടു മണ്ഡപത്തിൽ നിന്ന് കടവിലേക്കുള്ള പരമ്പരാഗത പാത അടച്ച് ശംഖുമുഖത്ത് ബീച്ച് സൗന്ദര്യവൽക്കരണ പ്രവൃത്തികൾ നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. 14 കോടി മുടക്കി ഇറിഗേഷൻ വകുപ്പാണ് കടലേറ്റത്തിൽ തകർന്ന ബീച്ച് വീണ്ടെടുക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് ആരംഭിച്ച നിർമാണം ഏതാണ്ട് പൂർത്തിയാകാറായപ്പോഴാണ് പരാതി ഉയർന്നിരിക്കുന്നത്. ക്ഷേത്രത്തിലെ പൈങ്കുനി, അൽപശി ഉത്സവങ്ങൾക്ക് സമാപനം കുറിച്ചാണ് ശംഖുമുഖം കടവിൽ ആറാട്ട് നടത്തുന്നത്. എന്നാൽ ആറാട്ടു മണ്ഡപത്തിൽ നിന്ന് ഗരുഡ വാഹനത്തിൽ ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹം ആറാട്ടുകടവിലെ മണൽത്തിട്ടയിലേക്ക് എഴുന്നള്ളിക്കുന്ന പാത അടച്ചാണ് പടിക്കെട്ടുകൾ നിർമിക്കുന്നതെന്നാണ് ആക്ഷേപം. കടവിലേക്ക് വിഗ്രഹം എഴുന്നള്ളിക്കാൻ 6 മീറ്ററോളം നീളമുള്ള പടിക്കെട്ട് ചുറ്റി വരേണ്ട അവസ്‌ഥയാണെന്ന് ഭക്തർ ആരോപിക്കുന്നത്.

പടിക്കെട്ട് നിർമാണം പൂർത്തിയാകുമ്പോൾ പൂജ നടത്തുന്ന തന്ത്രിക്ക് മണ്ഡപത്തിന് സമീപത്തെ ഗരുഡ വാഹനം കാണാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ആരോപണമുണ്ട്. ഭക്തരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര ഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ ഉൾപ്പെടെയുള്ള സംഘം ശംഖുമുഖം സന്ദർശിച്ചു.നൂറ്റാണ്ടുകളായുള്ള എഴുന്നള്ളത്തു പാതയ്ക്കും , ചടങ്ങിനും വരുന്ന ഈ മാറ്റം അംഗീകരിക്കാൻ സാധ്യമല്ലെന്ന് ജയൻ പറഞ്ഞു.ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന പടിക്കെട്ടിൽ നിന്ന് 6 മീറ്റർ ഭാഗം ഇടിച്ചു മാറ്റി പൗരാണികമായി നടന്നു വരുന്ന ആചാരങ്ങൾക്ക് ഉണ്ടാവുന്ന തടസങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഇക്കാര്യം സ്ഥലം സന്ദർശിച്ച സമയത്ത് അധികൃതരെ വിളിച്ച് വരുത്തി നേരിട്ട് തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആറാട്ട് ചടങ്ങുകൾക്ക് തടസം സൃഷ്‌ടിക്കുന്ന നിർമാണ പ്രവൃത്തികൾ ഉപേക്ഷിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃത്വം പരാതിയും നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം